അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ മുഹമ്മദ് നബി നയിക്കും

ടി-20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി നയിക്കും. ടീം സെലക്ഷനില്‍ അസംതൃപ്തി പ്രകടിപ്പിച്ച് പഴയ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് മുന്‍ നായകന്‍ കൂടിയായ മുഹമ്മദ് നബിയെ എസിബി ക്യാപ്റ്റന്‍ സ്ഥാനത്ത് നിയോഗിച്ചത്. ഇതിനു പിന്നാലെ ക്രിക്കറ്റ് ബോര്‍ഡില്‍ തര്‍ക്കം ഉടലെടുത്തു എന്നാണ് റിപ്പോര്‍ട്ട്.

താലിബാന്‍ പുതുതായി നിയമിച്ച അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇടക്കാല ചെയര്‍മാന്‍ അസീസുള്ള ഫസ്ലി, മുഹമ്മദ് നബിയെ ക്യാപ്റ്റനാക്കിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു എന്നാണ് സൂചന. ഫിറ്റല്ലാത്ത, അച്ചടക്കമില്ലാത്ത മുതിര്‍ന്ന താരത്തെ ക്യാപ്റ്റനായി നിയമിച്ചു എന്ന് ഫസ്ലി കുറ്റപ്പെടുത്തി.

അതേസമയം, ടീം തെരഞ്ഞെടുപ്പ് റാഷിദ് ഖാനെ അറിയിക്കാതെയാണ് നടത്തിയെന്ന് എസിബി വക്താവ് പ്രതികരിച്ചു. റാഷിദിനെ അറിയിക്കാതെയായിരുന്നു തെരഞ്ഞെടുപ്പ് എന്നും ടീമില്‍ ഒരുപാട് മുതിര്‍ന്ന താരങ്ങളെ ഉള്‍പ്പെടുത്തി എന്നും ചൂണ്ടിക്കാട്ടി റാഷിദ് സ്ഥാനമൊഴിയുകയായിരുന്നു എന്നും എസിബി വ്യക്തമാക്കി.

”എല്ലാം ചില മണിക്കൂറുകള്‍ക്കുള്ളിലാണ് നടന്നത്. ടീം പ്രഖ്യാപിച്ചതും റാഷിദ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതും മുഹമ്മദ് നബിയെ ക്യാപ്റ്റനായി അവരോധിച്ചതുമെല്ലാ. ഇടക്കാല ചെയര്‍മാന്‍ എല്ലാം നിര്‍ബന്ധപൂര്‍വം നടത്തുകയാണ്. പ്രകടനങ്ങളോ ഫിറ്റ്‌നസോ അച്ചടക്കമോ പരിഗണിക്കാതെ ടീം തെരഞ്ഞെടുത്തതില്‍ റാഷിദ് കോപാകുലനായിരുന്നു.” എസിബി പറഞ്ഞു.

 

Top