mohammad kaif faces fire on twitter for doing surya namaska

ന്യൂഡല്‍ഹി: യോഗയും സൂര്യനമസ്‌കാരവും ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് നേരെ ആരാധകരുടെ ചീത്തവിളിയും ട്രോളും. യോഗ അനിസ്ലാമികമാണെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങളുമായെത്തിയവര്‍ക്ക് കൈഫ് ട്വിറ്ററില്‍ മറുപടിയും നല്‍കി.

യോഗയും സൂര്യനമസ്‌കാരവും ചെയ്യുന്ന നാല് ചിത്രങ്ങളാണ് കൈഫ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നത്. പ്രത്യേക ഉപകരണങ്ങളുടെ സഹായമല്ലാതെ ചെയ്യാനാവുന്ന സമഗ്രമായ ഒരു വ്യായാമ മുറയാണ് യോഗയെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.

യോഗ ചെയ്യുന്നത് അനിസ്ലാമികമാണെന്നാണ് വിമര്‍ശകരുടെ വാദം. ഇസ്ലാമായ കൈഫ് യോഗ ചെയ്യുന്നതിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര്‍ ട്വിറ്ററില്‍ പോസ്റ്റുകളും ട്രോളുകളും ഇട്ടു.

വിമര്‍ശനങ്ങള്‍ക്ക് കൈഫ് മറുപടിയായി ട്വീറ്റ് ചെയ്യുകയും ചെയ്തു.

യോഗ ചെയ്യുന്ന സമയത്തെല്ലാം തന്റെ മനസ്സിലുണ്ടായിരുന്നത് അള്ളാഹു ആയിരുന്നെന്ന് മറുപടി ട്വീറ്റില്‍ കൈഫ് പറയുന്നു. യോഗയായാലും ജിമ്മില്‍ പോയുള്ള വ്യായാമമായാലും അതില്‍ മതത്തിന് എന്ത് സ്ഥാനമാണുള്ളതെന്ന് മനസ്സിലാകുന്നില്ലെന്നും ഇവയെല്ലാം മനുഷ്യനുവേണ്ടിയുള്ളതാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഏതാനും ദിവസം മുന്‍പ് മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.

ഭാര്യ ഹസിന്‍ ജഹാനുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. ഭാര്യ ധരിച്ചിരുന്ന പാശ്ചാത്യ രീതിയിലുള്ള വസ്ത്രം അനിസ്ലാമികമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഈ വിമര്‍ശനത്തെ അപലപിച്ചും ഷാമിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും കൈഫ് രംഗത്തെത്തിയിരുന്നു.

Top