പുതിയ താരങ്ങളെ പരീക്ഷിക്കുന്നതിന് ഏഷ്യാ കപ്പില്‍ നിന്ന് ഹഫീസിനെ പുറത്താക്കി

Pakistan

കറാച്ചി: പുതിയ താരങ്ങളെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് മുഹമ്മദ് ഹഫീസിനെ ഏഷ്യാ കപ്പിനുള്ള പാക്കിസ്ഥാന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് മുഖ്യ സെലക്റ്റര്‍ ഇന്‍സമാം ഉല്‍ഹഖ്. ഫഫീസ് പാക്കിസ്ഥാന്‍ ലോകകപ്പ് പദ്ധതികളുടെ ഭാഗമാണെന്നും മുന്‍ പാക്കിസ്ഥാന്‍ താരം പറഞ്ഞു. ഏഷ്യാകപ്പിനുള്ള 18 അംഗ ടീമില്‍ ഹഫീസിനൊപ്പം ഇമാദ് വസീമിനേയും പുറത്താക്കിയിരുന്നു.

എന്നാല്‍ ടീം മാനേജ്മെന്റുമായി ഹഫീസ് ഇണക്കത്തിലല്ലെന്നുള്ള വാദമുണ്ട്. സിംബാബ് വേ പര്യടനത്തിലുള്ള പാക് ടീമില്‍ ഹഫീസ് അംഗമായിരുന്നുവെങ്കിലും ഒരു മത്സരം പോലും കളിച്ചിരുന്നില്ല. എന്നാല്‍ അവസാന മത്സരത്തില്‍ കളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും താരം നിരസിച്ചു.

മുന്‍ മത്സരങ്ങളില്‍ കളിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് താരം അവസാന മത്സരത്തില്‍ നിന്ന് വിട്ടുനിന്നതെന്നും വാര്‍ത്തകളുണ്ട്. പിന്നീട് കരാര്‍ ഒപ്പുവെയ്ക്കുന്നതില്‍ നിന്നും താരം കാലതാമസം വരുത്തിയിരുന്നു. ഇതെല്ലാമാണ് താരത്തെ ടീമില്‍ നിന്ന് പുറത്താക്കാന്‍ കാരണമായതെന്നും അണിയറയില്‍ സംസാരമുണ്ട്.

എന്നാല്‍ ഇതൊന്നും താരത്തിനെ ഇപ്പോള്‍ പുറത്താക്കിയതില്‍ കാരണമായിട്ടില്ലെന്ന് ഇന്‍സമാം വ്യക്തമാക്കി. മറ്റു താരങ്ങളെ പരീക്ഷിക്കുന്നതിനു വേണ്ടിയാണ് താരത്തിനെ ഇപ്പോള്‍ ഒഴിവാക്കിയതെന്നും, ലോകകപ്പിനായി പാക്കിസ്ഥാന്‍ പരിഗണിക്കുന്ന 20-22 താരങ്ങളില്‍ ഒരാള്‍ ഹഫീസാണെന്നും മുന്‍ പാക് താരം ഇന്‍സമാം വ്യക്തമാക്കി.

Top