ഇംഗ്ലണ്ടിനെതിരായ പരമ്പര; മുഹമ്മദ് അമീറിനെ പാകിസ്ഥാന്‍ ടീമില്‍ ഉള്‍പ്പെടുത്തി

റാച്ചി: ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീമില്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് അമീറിനെ ഉള്‍പ്പെടുത്തി. പരമ്പരയ്ക്കായി അമീര്‍ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ ഔദ്യോഗികമായി അറിയിച്ചു.

ഇംഗ്ലണ്ടിലേക്ക് പോകുന്നതിനായി മുഹമ്മദ് അമീറും മുഹമ്മദ് ഇംറാനും കോവിഡ് പരിശോധന പൂര്‍ത്തിയാക്കി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച ഇവരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് തെളിഞ്ഞതോടെയാണ് ഇരുവരേയും ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ നിലവില്‍ ഇവര്‍ നിരീക്ഷണത്തിലാണ് രണ്ടാമത്തെ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇവര്‍ക്ക് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കാന്‍ സാധിക്കൂ.

ഇംഗ്ലണ്ടിലെത്തിയ ശേഷവും പരിശോധന നടത്തി ഇവര്‍ക്ക് ക്വാറന്റൈനില്‍ കഴിയേണ്ടി വരും. കോവിഡ് സ്ഥിരീകരിച്ച ഹാരിസ് റൗഫിന് പകരക്കാരനായാണ് അമീര്‍ ടീമില്‍ ഇടം പിടിച്ചത്. പാകിസ്ഥാനുവേണ്ടി 36 ടെസ്റ്റില്‍ നിന്ന് 119 വിക്കറ്റും 61 ഏകദിനത്തില്‍ നിന്ന് 81 വിക്കറ്റും 48 ടി20യില്‍ നിന്ന് 59 വിക്കറ്റും അമീറിന്റെ പേരിലുണ്ട്

Top