ആ ജനവിധി പിടഞ്ഞ് വീണ കുരുന്നുകൾക്ക് കാലം നൽകിയ കാവ്യനീതിയെന്ന് റിയാസ്

കൊച്ചി:ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചു വീണ കുഞ്ഞുങ്ങള്‍ക്ക് കാലം നല്‍കിയ കാവ്യനീതിയാണ് യുപിയിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച തിരിച്ചടിയെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. ദേശിയതലത്തില്‍ മോദി ഭരണത്തിനെതിരെ ഉയര്‍ന്നു വരുന്ന ജനരോക്ഷം കൂടിയാണിതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

(റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ…)

ഗോരഖ്പൂരിലും ഫുല്‍ പൂരിലും കാവിക്കൊടി താഴെ വീഴുമ്പോള്‍, യു.പി.യിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ദേശീയ തലത്തില്‍ തന്നെ വലിയ പ്രസക്തിയുണ്ട്. നിലവിലെ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മുന്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി ഏറ്റുവാങ്ങിയ പരാജയം മതേതര ജനകീയ രാഷ്ട്രീയ ബദലുകള്‍ക്ക് നിര്‍ണായകം തന്നെ.

ഹിന്ദുത്വത്തിന്റെ പോസ്റ്റര്‍ ബോയ് യോഗി അദിത്യനാഥ് നാല് തവണയായി പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് ഗോരഖ്പൂര്‍. 27 വര്‍ഷമായി ബി.ജെ.പി മാത്രം ജയിച്ചിരുന്ന സീറ്റ്. 2014ലെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തില്‍പ്പരം. ആ സീറ്റാണ് എസ്.പി-ബി.എസ്.പി സഖ്യത്തിനു മുന്നില്‍ ബി.ജെ.പി.ക്ക് അടിയറവ് വെയ്‌ക്കേണ്ടി വന്നത്. ഗോരഖ്പൂര്‍ പോലെ തന്നെ 2014ല്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 50 ശതമാനത്തിലേറെ നേടി ബി.ജെ.പി ജയിച്ച സീറ്റായിരുന്നു ഫുല്‍പ്പൂരും.

സംസ്ഥാന സര്‍ക്കാരിനു നേരേയുള്ള ശക്തമായ ജനവികാരം മാത്രമല്ല മറിച്ച് ദേശീയ തലത്തില്‍ മോദി ഭരണത്തിനെതിരെ ഉയര്‍ന്നു വരുന്ന ജനരോഷത്തെയാണ് യു.പി ഉപതിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. യു.പി യില്‍ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ട കനത്ത തിരിച്ചടിയുമായി കൂടി ഇപ്പോഴത്തെ ഫലങ്ങളെ കൂട്ടി വായിക്കേണ്ടതുണ്ട്.

നോട്ടു നിരോധനവും ജി.എസ്.ടിയും വില കയറ്റവും പൊറുതി മുട്ടിക്കുന്ന മോദി ഭരണത്തിന്റെ ജൂനിയര്‍ ടീമായാണ് യു .പിയിലെ യോഗി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഓക്‌സിജന്‍ കിട്ടാതെ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചു വീണ കാഴ്ച്ച നമ്മള്‍ കണ്ടതാണ്. ജനങ്ങളുടെ അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ പോലും മെച്ചെപ്പെടുത്താതെ വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിക്കുന്ന മോദിക്കും അദ്ദേഹത്തിന്റെ ജൂനിയര്‍ പങ്കാളികളോടുമുള്ള കണക്കു തീര്‍ക്കല്‍ കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

Top