ഇന്ത്യന്‍ സൈനികരുടെ എണ്ണത്തെപ്പറ്റി മുയ്‌സു പറഞ്ഞത് നുണ: വിമര്‍ശിച്ച് മാലദ്വീപ് മുന്‍ വിദേശകാര്യമന്ത്രി

മാലെ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിനെതിരെ മുന്‍ വിദേശകാര്യമന്ത്രി അബ്ദുല്ല ഷാഹിദ് രംഗത്ത്. ഇന്ത്യന്‍ സൈനികരുടെ എണ്ണത്തെപ്പറ്റി മുയ്‌സു പറഞ്ഞത് നുണയാണെന്ന് അബ്ദുല്ല ഷാഹിദ് പറഞ്ഞു. സായുധരായ വിദേശ സൈനികര്‍ രാജ്യത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

”100 ദിവസം പിന്നിടുമ്പോള്‍ ഒരുകാര്യം വ്യക്തമാണ്: ആയിരക്കണക്കിന് ഇന്ത്യന്‍ സൈനികര്‍ മാലദ്വീപിലുണ്ടെന്ന പ്രസിഡന്റ് മുയ്സുവിന്റെ അവകാശവാദം മറ്റൊരു നുണയാണ്. ഇപ്പോഴത്തെ ഭരണകൂടത്തിനു കൃത്യമായ അക്കങ്ങള്‍ പറഞ്ഞ് സംസാരിക്കാന്‍ കഴിവില്ല. രാജ്യത്തു സായുധരായ ഒറ്റ വിദേശ സൈനികന്‍ പോലും ക്യാംപ് ചെയ്യുന്നില്ല. സുതാര്യത പ്രധാനമാണ്, സത്യം നിലനില്‍ക്കണം” അബ്ദുല്ല ഷാഹിദ് അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സൈനികരെ മാലദ്വീപില്‍നിന്ന് ഒഴിവാക്കുമെന്നതു തിരഞ്ഞെടുപ്പ് സമയത്തു മുയ്‌സുവിന്റെ പ്രധാന വാഗ്ദാനമായിരുന്നു. നിലവില്‍ ഏഴുപതോളം സൈനികര്‍, ഡോണിയര്‍ മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ്, 2 ധ്രുവ് ഹെലികോപ്റ്റര്‍ എന്നിവ ഇന്ത്യയുടേതായി മാലദ്വീപിലുണ്ട്. അധികാരത്തിലേറി രണ്ടാംദിവസം തന്നെ ഇന്ത്യന്‍ സൈനികര്‍ രാജ്യം വിടണമെന്നു മുയ്‌സു ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.

മാലദ്വീപിലെ ഇന്ത്യന്‍ സൈനികരെ പിന്‍വലിച്ചു പകരം സാങ്കേതിക വിദഗ്ധരെ നിയോഗിക്കുമെന്ന് അടുത്തിടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരി രണ്ടിനു ന്യൂഡല്‍ഹിയില്‍ ഇരുകൂട്ടരുടെയും സംയുക്ത ഉന്നതതല യോഗം നടന്നിരുന്നു. ഇന്ത്യന്‍ സൈനികരുടെ ആദ്യസംഘത്തെ മാര്‍ച്ച് 10ന് മുന്‍പും അവശേഷിക്കുന്നവരെ മേയ് 10നു മുന്‍പും മടക്കി അയയ്ക്കുമെന്നാണു മുയ്‌സുവിന്റെ നിലപാട്.

Top