മാലിദ്വീപ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മുഹമ്മദ് മുയിസുവിന് വിജയം

മാലിദ്വീപ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യസ്ഥാനാര്‍ത്ഥി മുഹമ്മദ് മുയിസുവിന് വിജയം. വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സാക്ഷ്യം വഹിച്ച മാലിദ്വീപില്‍ 54.06 ശതമാനം വോട്ട് നേടിയാണ് മുഹമ്മദ് മുയിസു നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ മറികടന്നത്.ആദ്യ റൗണ്ടില്‍ 79 ശതമാനവും രണ്ടാം റൗണ്ടില്‍ 86 പോളിങ്ങും രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലില്‍ തുടക്കം മുതല്‍ മുയിസു മുന്നിലായിരുന്നു. ആദ്യ റൗണ്ട് എണ്ണി തീര്‍ന്നപ്പോള്‍ മുയിസുവിന് 53 ശതമാനം വോട്ടും സോലിഹിന് 46 ശതമാനം വോട്ടുമാണ് ലഭിച്ചിരുന്നത്. നവംബര്‍ 17ന് മുയിസു സ്ഥാനാരോഹണം ചെയ്യുന്നതുവരെ സോലിഹ് താത്കാലിക പ്രസിഡന്റായി തുടരും.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം ഇന്ത്യയ്ക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ എന്നിവയ്ക്കൊപ്പം തന്ത്രപ്രധാനമായ ക്വാഡ് സഖ്യത്തില്‍ ഇന്ത്യ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മാലിദ്വീപിലെ ഭരണ മാറ്റം.മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീന്‍ കൈക്കൂലിക്കേസിലും സാമ്പത്തിക തട്ടിപ്പുകേസിലും ശിക്ഷിക്കപ്പെട്ടതോടെയാണ് മുയിസു പ്രതിപക്ഷ സഖ്യമായ പിപിഎം-പിഎന്‍സിയുടെ സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശനം ചെയ്യുന്നത്. അഴിമതിക്കേസില്‍ 11 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട യാമീനെ ഭരണം ലഭിച്ചാല്‍ മോചിപ്പിക്കുമെന്ന് മുയിസു പ്രഖ്യാപിച്ചിരുന്നു.

നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ ഇന്ത്യന്‍ അനുകൂല നിലപാടുകള്‍ ദ്വീപില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ദ്വീപില്‍ ഇന്ത്യ നേടുന്ന രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്തില്‍ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം പോലും സൂചിപ്പിക്കുന്നത്.

 

 

Top