മുത്തലാഖ് ചൊല്ലി അവള്‍ക്ക് വിലയിട്ടത് 2500 രൂപ, നീതി ലഭിക്കാതെ വന്നപ്പോള്‍ മകള്‍ തകര്‍ന്നെന്ന് ഉമ്മ

ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മോഫിയ പര്‍വ്വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഉമ്മ ഫാരിസ. നീതി കിട്ടുമെന്ന് കരുതിയാണ് മോഫിയ പൊലീസ് സ്റ്റേഷനിലേക്ക് പോയതെന്ന് ഉമ്മ പറഞ്ഞു.

നീതി കിട്ടില്ലേയെന്ന് അവള്‍ പപ്പയോട് ചോദിച്ചു. ധൈര്യത്തോടെ സ്റ്റേഷനിലേക്കു പോയി. മകള്‍ ഇത്രയും തകരുമെന്ന് കരുതിയില്ല. ഭര്‍ത്താവിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒരുപാട് പരാതികള്‍ പറഞ്ഞിരുന്നു.

മുത്തലാഖ് കിട്ടുന്നതുവരെ അവള്‍ തളരാതെ പിടിച്ചുനിന്നു. 2500 രൂപ വിലയിട്ടാണ് അവന്‍ അവള്‍ക്ക് കത്തയച്ചത്. മുത്തലാഖ് നിരോധിച്ചതാണെന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചിരുന്നു. പറഞ്ഞാല്‍ തീരാത്തത്ര പീഡനമാണ് മകള്‍ അനുഭവിച്ചത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ വെളുത്ത പെണ്ണിനെ കല്ല്യാണം ആലോചിക്കാന്‍ തുടങ്ങിയിരുന്നു. പൊലീസിലും നിയമത്തിലും മകള്‍ക്ക് അത്ര വിശ്വാസമായിരുന്നുവെന്നും ഉമ്മ ഫാരിസ ഒരു പ്രമുഖ മാധ്യമത്തിനു മുന്നില്‍ തുറന്നു പറഞ്ഞു.

തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ മോഫിയ പര്‍വീണിനെ (23) തിങ്കളാഴ്ച വൈകിട്ടാണു സ്വവസതിയില്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ പീഡനം മൂലമാണു ജീവനൊടുക്കുന്നതെന്നു മോഫിയ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.സ്റ്റേഷനില്‍ പരാതിയുമായി എത്തിയപ്പോള്‍ മോശമായി പെരുമാറിയ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.

Top