മോഫിയയുടെ ആത്മഹത്യ; വീഴ്ച വരുത്തിയ സിഐക്കെതിരെ നടപടി, ഭര്‍ത്താവിനെതിരെ കേസ്

എറണാകുളം: ആലുവയില്‍ നവവധു തൂങ്ങി മരിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ നടപടി. ആരോപണ വിധേയനായ സിഐയെ സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കി.

ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. അതേസമയം സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ (21)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പര്‍വീന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.

തുടര്‍ന്ന് ആലുവ ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി. ഇന്നലെ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ മധ്യസ്ത ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധിക്കും എന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.

Top