മോഫിയയുടെ ആത്മഹത്യ; സിഐയെ സസ്‌പെന്‍ഡ് ചെയ്യണം, കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

ആലുവ: നിയമ വിദ്യാര്‍ഥിനിയായ എടയപ്പുറം കക്കാട്ടില്‍ മോഫിയ പര്‍വീണ്‍ (23) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.എല്‍.സുധീറിനെ സസ്‌പെന്‍ഡു ചെയ്യണം എന്നാവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ എസ്പി ഓഫിസ് മാര്‍ച്ച് അക്രമാസക്തമായി.

ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനു നേരെ സമരക്കാര്‍ കല്ലെറിഞ്ഞു. എസ്പി ഓഫിസില്‍ എത്തുന്നതിനു മുന്‍പു തന്നെ ബാരിക്കേഡുകള്‍ ഉപയോഗിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞിരുന്നു. പ്രദേശത്ത് വന്‍ പൊലീസ് സേനയെയാണ് വിന്യസിച്ചിരിക്കുന്നത്.

കുറ്റാരോപിതനായ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യും വരെ സമരം തുടരുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. എംപിമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്.

സമരക്കാരെ പ്രകോപിപ്പിച്ച് അക്രമാസക്തമാക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി മുഹമ്മദ് ഷിയാസ് ആരോപിച്ചു. ആരും പ്രകോപിതരാകരുതെന്നും ഒരു പെണ്‍കുട്ടി പൊലീസുകാരന്റെ പേരെഴുതി വച്ച് ആത്മഹത്യ ചെയ്തിട്ട് സര്‍ക്കാര്‍ എന്തു ചെയ്‌തെന്ന് അദ്ദേഹം ചോദിച്ചു. അന്തിമ വിജയം നമ്മുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Top