മോഫിയയുടെ മരണം; ഭര്‍ത്താവ് ഉള്‍പ്പടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: നിയമ വിദ്യാര്‍ത്ഥിനി മോഫിയയുടെ മരണത്തില്‍ പ്രതികളെ വ്യാഴാഴ്ച വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. പ്രതിയായ ഭര്‍ത്താവ് സുഹൈലിന്റെ മാതാവിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.

ആലുവ മജിസ്ട്രേറ്റ് കോടതി മൂന്ന് ദിവസത്തക്കാണ് കസ്റ്റഡി അനുവദിച്ചത്. പ്രതികളുടെ വാട്‌സാപ് ചാറ്റുകളും ഫോട്ടോകളും പരിശോധിക്കണം, വിവാഹ ഫോട്ടോകള്‍ പരിശോധിക്കണം, കോതമംഗലത്തെ വീട്ടില്‍ എത്തിച്ച് തെളിവെടുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ക്രൈംബ്രാഞ്ച് കോടതിയെ ബോധിപ്പിച്ചത്.

മോഫിയയെ മാനസിക രോഗിയായി ചിത്രീകരിച്ച് സുഹൈലിന്റെ പിതാവ് വിവാഹ മോചനത്തിന് മഹല്ല് കമ്മറ്റിക്ക് കത്ത് കൊടുത്തതാണ് പ്രശ്‌നങ്ങള്‍ വഷളാവാന്‍ കാരണമായതെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മോഫിയയുടെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു. ഭര്‍തൃവീട്ടില്‍ നിന്ന് നേരിട്ട പീഡനങ്ങള്‍ മോഫിയ സഹപാഠികളുമായി പങ്കുവെച്ചിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം സുഹൃത്തുക്കളുടെ മൊഴിയെടുത്തത്.

ഭര്‍ത്താവിന്റെ പീഡനങ്ങളെ കുറിച്ച് മോഫിയ പറഞ്ഞ കാര്യങ്ങള്‍ സുഹൃത്തുക്കള്‍ അന്വേഷണസംഘത്തോട് വിശദീകരിച്ചു. മോഫിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി അന്വേഷണസംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

Top