ചൈനീസ് അന്തര്‍വാഹിനിയ്ക്ക് കൊളംബോ തീരത്ത് നങ്കൂരമിടുന്നതിന് അനുമതി നിഷേധിച്ച് ശ്രീലങ്ക

കൊളംബോ: ചൈനീസ് അന്തര്‍വാഹിനിയ്ക്ക് കൊളംബോ തീരത്ത് നങ്കൂരമിടുന്നതിന് അനുമതി നിഷേധിച്ച് ശ്രീലങ്ക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയില്‍ എത്തിയ സാഹചര്യത്തിലാണ് ശ്രീലങ്കയുടെ നടപടി എന്നത് ശ്രദ്ധേയമാണ്‌. ശ്രീലങ്കന്‍ സര്‍ക്കാരിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

2014 ഒക്‌ടോബറിലാണ് ചൈനീസ് അന്തര്‍വാഹിനി കൊളംബോ തീരത്ത് നങ്കൂരമിട്ടത്. അന്ന് ഇതിനെതിരെ ഇന്ത്യ ശക്തമായി രംഗത്തെത്തിയിരുന്നു.

ശ്രീലങ്കന്‍ തീരത്ത് ഏതുസമയത്തും ചൈനീസ് അന്തര്‍വാഹിനിയ്ക്ക് നങ്കൂരമിടാന്‍ അനുമതി നല്‍കാനാവില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യയുടെ താല്‍പര്യങ്ങളും പരിഗണിച്ചാണ് തീരുമാനമെന്നും പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, പ്രതിരോധമന്ത്രാലയത്തിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ ചൈനയ്ക്ക് അനുമതി നിഷേധിച്ച കാര്യം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇത് എക്കാലത്തേക്കുമായിരിക്കില്ലെന്നും സൂചിപ്പിക്കുന്നുണ്ട്. ഈ മാസം നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നിഷേധിച്ചെങ്കിലും ഭാവിയില്‍ അനുമതി നല്‍കിയേക്കാമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.

സമീപകാലത്തായി ശ്രീലങ്കയില്‍ ചൈന വന്‍ നിക്ഷേപമാണ് നടത്തുന്നത്. വിമാനത്താവളങ്ങള്‍, റോഡുകള്‍, തുറമുഖങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചൈന ശ്രീലങ്കയ്ക്ക് വലിയ ഫണ്ടാണ് നല്‍കിവരുന്നത്. ഇന്ത്യയോട് ഭൂമിശാസ്ത്രപരമായും വാണിജ്യപരമായും അടുപ്പമുള്ള ശ്രീലങ്കയോട് ചൈന അടുക്കുന്നതില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്.

അതേസമയം, കൊളംബോ തുറമുഖത്തെ 70 ശതമാനം ട്രാന്‍സ്ഷിപ്പ്‌മെന്റും ഇന്ത്യയില്‍ നിന്നാണ് എന്നത് ശ്രീലങ്കയ്ക്കും സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.

Top