ഹാരാര്‍പ്പണം നടത്തുമ്പോള്‍ പ്രവര്‍ത്തകനോട് ദേഷ്യപ്പെടുന്ന നേതാവ്: പവാറിനെ പരിഹസിച്ച് മോദി

മുംബൈ: ഹാരാര്‍പ്പണം നടത്തുമ്പോള്‍ ഒരു നേതാവ് സ്വന്തം പ്രവര്‍ത്തകനോട് ദേഷ്യപ്പെടുന്നതും കൈകൊണ്ട് ഇടിക്കുന്നതുംകണ്ട് താന്‍ ഞെട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍.സി.പി നേതാവ് ശരദ് പവാറിനെ പരിഹസിച്ചായിരുന്നു മോദിയുടെ ഈ പരിഹാസ പരാമര്‍ശം.

ഹാരാര്‍പ്പണം നടത്തുമ്പോള്‍ പ്രവര്‍ത്തകനെ ഫോട്ടോ ഫ്രെയിമില്‍ നിന്ന് തള്ളിമാറ്റുന്നതായുള്ള വീഡിയോ പരാമര്‍ശിച്ചാണ് പ്രധാമന്ത്രി ശരദ് പവാറിനെ പരിഹസിച്ചത്. പവാറിന്റെ പേരെടുത്ത് പറയാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശം. മഹാരാഷ്ട്രയില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു മോദി പവാറിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്.

ടി.വിയിലും പത്രങ്ങളിലുമൊക്കെ വര്‍ഷങ്ങളായി പ്രത്യക്ഷപ്പെടുന്ന ഒരു പ്രമുഖ നേതാവ് ഒരാളോട് ദേഷ്യപ്പെട്ട് തന്റെകൈമുട്ടുകൊണ്ട് ഇടിക്കുന്നത് കണ്ടു.ആ മനുഷ്യന്‍ സ്റ്റേജില്‍ നേതാവിന്റെ അരികില്‍ നില്‍ക്കുകയായിരുന്നു, നേതാവിന് മാലയിട്ടപ്പോള്‍ അയാളും ആ മാലയില്‍ തല വെയ്ക്കാന്‍ ശ്രമിച്ചു. നേതാവുമൊത്തുള്ള ഫോട്ടോയുടെ ഭാഗമാവാനുള്ള ശ്രമമായിരുന്നു അയാളുടേത്”- മോദി പറഞ്ഞു.

മഹാരാഷ്ട്രയെ മുന്നോട്ട് നയിക്കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. സ്ത്രീകള്‍ പുരോഗതിയിലേക്ക് കുതിക്കുന്നത് കാണുന്നത് ഏറെ സംതൃപ്തി നല്‍കുന്നു എന്നും മോദി പറഞ്ഞു.

സംസ്ഥാനത്തെ വനിതകള്‍ക്കായി 10 ലക്ഷത്തോളം വീടുകളാണ് നല്‍കിയത്. അടുത്ത വര്‍ഷത്തോടെ പത്ത് ലക്ഷം വീടുകള്‍ കൂടി നല്‍കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ഞങ്ങള്‍ ചെയ്ത കാര്യങ്ങള്‍ കണ്ട് പ്രതിപക്ഷം പോലും ഞെട്ടിയിരിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Top