മോദിക്ക് പിന്‍ഗാമി തേജസ്വി സൂര്യ, ആര്‍.എസ്.എസ് നീക്കം തന്ത്രപരം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്‍ഗാമിയെ കുറിച്ച് ഇപ്പോഴും ആര്‍ക്കും ഒരു പിടിയുമില്ല. അമിത്ഷായെ കുറിച്ച് മുന്‍പ് കേട്ടിരുന്നെങ്കിലും ആ പേര് ഇപ്പോള്‍ ബി.ജെ.പി പോലും ചര്‍ച്ച ചെയ്യുന്നില്ല. അനാരോഗ്യവും അമിത് ഷായ്ക്ക് വില്ലനാണ്. രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ള സീനിയര്‍ നേതാക്കളും മോദിയേക്കാള്‍ ബഹുദൂരം പിന്നിലാണ്. അടുത്ത ഒരവസരം കൂടി ലഭിച്ചാല്‍ മോദി തന്നെയായിരിക്കും ബി.ജെ.പിയുടെ പ്രധാനമന്ത്രി. എന്നാല്‍ അതിനും അപ്പുറം സാധ്യത ലഭിക്കണമെങ്കില്‍ ‘കളി’യും മാറണം. ഈ സാധ്യത മുന്നില്‍ കണ്ട് ഇപ്പോഴേ ആര്‍.എസ്.എസ് നീക്കം തുടങ്ങിയതായാണ് സൂചന. യുവനിരയില്‍ നിന്നും ബാംഗ്ലൂര്‍ സൗത്ത് എം.പി തേജസ്വി സൂര്യയെ ഉയര്‍ത്തി കൊണ്ടുവരുവാനാണ് നീക്കം.

എ.ബി.വി.പി യിലൂടെ രാഷ്ട്രീയത്തിലെത്തിയ തേജസ്വി മികച്ച സംഘാടകനും തീപ്പൊരി പ്രാസംഗികനുമാണ്. 1990 നവംബര്‍ 16ന് ബാംഗ്ലൂരിലായിരുന്നു സൂര്യ തേജസിയുടെ ജനനം. ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്നാണ് അദ്ദേഹം എല്‍എല്‍ബി പൂര്‍ത്തിയാക്കിയിരിക്കുന്നത്. പഠനകാലത്ത് തന്നെ സൂര്യ തേജസ്വി എബിവിപിയില്‍ സജീവമായിരുന്നു. 2019ല്‍ ബാംഗ്ലൂര്‍ സൗത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ബി. കെ. ഹരിപ്രസാദിനെ 3,31,192 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൂര്യ ലോക്സഭയിലെത്തിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാത്രമല്ല ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന്റെയും ഗുഡ് ലിസ്റ്റിലാണ് ഈ യുവ നേതാവിന്റെ സ്ഥാനം.

ആര്‍.എസ്.എസ് പ്രചാരകനായിരുന്ന മോദിയെ പ്രധാനമന്ത്രിയാക്കിയതും ആര്‍.എസ്.എസ് ദേശീയ നേതൃത്വം ഇടപെട്ടാണ്. ഇപ്പോള്‍ തേജസിയെ ആഗ്രഹിക്കുന്നതും അതേ ആര്‍.എസ്.എസ് തന്നെയാണ്. ബി.ജെ.പി മന്ത്രിമാരെ മാത്രമല്ല ആ പാര്‍ട്ടിയുടെ അജണ്ട പോലും തീരുമാനിക്കുന്നതും ആര്‍.എസ്.എസ് തന്നെയാണ്. ആര്‍.എസ്.എസിന് ഇഷ്ടപ്പെടാത്ത ഒരു നേതാവും ബി.ജെ.പിയില്‍ വാഴുകയില്ല. ഗുജറാത്ത് കാലപത്തോടെ ‘വില്ലന്‍’ പരിവേഷം ലഭിച്ചിട്ടും മോദിയെ പ്രധാനമന്തി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടിയത് ആര്‍.എസ്.എസ് നേതൃത്വമാണ്. അതുവരെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങാതിരുന്ന ആര്‍.എസ്.എസുകാര്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ ഇടപെടുന്നതും ഈ രാജ്യം കണ്ടതാണ്.

ഹൈന്ദവ വികാരം ഇളക്കിവിട്ട് ആര്‍.എസ്.എസ് നടത്തിയ പ്രചരണമാണ് മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചിരുന്നത്. അവിടെ എല്‍.കെ അദ്വാനിയും സുഷമ സ്വരാജുമെല്ലാം വെറും കാഴ്ചക്കാര്‍ മാത്രമായാണ് മാറിയിരുന്നത്. പിന്നീട് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ സുഷമ സ്വരാജിന് കേന്ദ്രമന്ത്രി പദം കിട്ടിയതാകട്ടെ മോദി കനിഞ്ഞത് കൊണ്ടു മാത്രമായിരുന്നു. ഇന്നും ബി.ജെ.പിയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ് നരേന്ദ്ര മോദി. ആര്‍.എസ്.എസിന്റെ പിന്‍ബലം തന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന ശക്തി. പാരത്വ നിയമ ഭേദഗതി നടപ്പാക്കിയതും സംഘപരിവാര്‍ അജണ്ട മുന്‍ നിര്‍ത്തിയാണ്. അടുത്തത് ഏകീകൃത സിവില്‍ കോഡാണെന്ന നിലപാടും ബി.ജെ.പി പ്രഖ്യാപിച്ചു കഴിഞ്ഞു.

പരിവാര്‍ അജണ്ടകള്‍ ഇങ്ങനെ ഒന്നൊന്നായി നടപ്പാക്കുമ്പോഴും ‘ഭാവിയെ കുറിച്ച്’ മോദിയും അതീവ ജാഗ്രതയിലാണ്. തന്റെ പിന്‍ഗാമിയും ശക്തനായിരിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. തേജസ്വിയില്‍ ‘ആ കരുത്ത്’ മോദിയും കാണുന്നുണ്ട്. ആര്‍.എസ്.എസിന്റെ മനമറിഞ്ഞാണ് ഈ പരിഗണന. യുവമോര്‍ച്ച ദേശീയ അധ്യക്ഷനായി ഇപ്പോള്‍ തേജസി സൂര്യയെ നിയോഗിച്ചതും മോദിയുടെ അറിവോട് കൂടിയാണ്. ആര്‍.എസ്.എസ് മുന്നോട്ട് വച്ച നിര്‍ദേശമാണ് മോദിയുടെ കൂടി താല്‍പര്യത്തോടെ നടപ്പിലാക്കിയിരിക്കുന്നത്. എന്നാല്‍ സ്ഥാനം ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ യുവ നേതാവ് തനിസ്വരൂപമാണ് കാട്ടിയിരിക്കുന്നത്. ഈ പ്രായത്തില്‍ മോദി പോലും നടത്താത്ത പ്രതികരണമാണ് തേജ്വസി നടത്തിയിരിക്കുന്നത്.

‘ഏതാനും വര്‍ഷങ്ങളായി ബംഗളുരു ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഹബ്ബായിയെന്ന’ ഗുരുതര ആരോപണമാണ് തേജസി ഉന്നയിച്ചിരിക്കുന്നത്. ഇതിനെ നേരിടുന്നതിനായി എന്‍.ഐ.എയുടെ സ്ഥിരം ഡിവിഷന്‍ ബെംഗളൂരില്‍ തുറക്കണമെന്നാണ് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷായോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ സിലിക്കോണ്‍ വാലിയില്‍ നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഇന്‍കുബേഷന്‍ കേന്ദ്രമായി നഗരം മാറിയെന്നും തേജസ്വി തുറന്നടിക്കുകയുണ്ടായി. കര്‍ണാടകയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്‍ഐഎ പരിശോധിക്കണമെന്നും തേജസ്വി സൂര്യ ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി സ്ലീപ്പര്‍ സെല്ലുകളാണ് ഇതിനകം തന്നെ കര്‍ണാടകയില്‍ കണ്ടെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ഇക്കാര്യത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റിലുണ്ടായ അക്രമണങ്ങള്‍ക്ക് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നും യുവമോര്‍ച്ച പ്രസിഡന്റ് പറയുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഇന്‍കുബേഷന്‍ സെന്ററായി ബംഗളുരുവിനെ മാറ്റാന്‍ സമ്മതിക്കില്ലന്നും തേജസി വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡി ടിവിയോടുള്ള അഭിമുഖത്തിലായിരുന്നു ഈ പരാമര്‍ശം. തേജസ്വിയുടെ പ്രതികരണം വലിയ വിവാദത്തിനാണിപ്പോള്‍ തിരികൊളുത്തിയിരിക്കുന്നത്. യുവമോര്‍ച്ച അദ്ധ്യക്ഷന്റെ തുടക്കം തന്നെ ഇങ്ങനെയാണെങ്കില്‍ പിന്നീട് എന്തായിരിക്കും സ്ഥിതിയെന്ന ചോദ്യവും ശക്തമാണ്.

വിവിധ സംഘടനകള്‍ ഇതിനകം തന്നെ പ്രതിഷേധവുമായി രംഗത്തു വന്നു കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ബംഗളുരുവിനെ തീവ്രവാദ ‘ഹബ്ബാക്കി’ മാറ്റിയിരിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരിക്കുന്നത്. രാഷ്ട്രീയ നിരീക്ഷകരെയും തേജസ്വിയുടെ പ്രതികരണം ഞെട്ടിച്ചിട്ടുണ്ട്. ഗുജറാത്തില്‍ മോദി സഞ്ചരിച്ച വഴിയേ തന്നെയാണ് കര്‍ണ്ണാടകയില്‍ തേജസ്വിയും സഞ്ചരിക്കുന്നതെന്നാണ് അവരുടെയും വിലയിരുത്തല്‍. അതേ സമയം ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഭാവി വാഗ്ദാനമായാണ് സംഘപരിവാര്‍ തേജസ്വി സൂര്യയെ ചൂണ്ടിക്കാണിക്കുന്നത്.

ഒരു പ്രതികരണത്തിന്റെ പേരില്‍ തേജസ്വിയെ വേട്ടയാടുന്നവര്‍ മോദിയെ ഓര്‍ക്കണമെന്നതാണ് പരിവാറിന്റെ ഉപദേശം. ഗുജറാത്ത് കലാപത്തിന്റെ പാപക്കറ ചുമത്തിയിട്ടും മോദി പ്രധാനമന്ത്രി പദത്തിലെത്തിയതാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ നിലപാടില്‍ നിന്ന് മറ്റൊരു കാര്യവും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. ഹിന്ദുത്വ വാദം വിട്ടുള്ള ഒരു കളിക്കും ബി.ജെ.പി ഇല്ലെന്ന നിലപാടാണത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് യുവ നേതൃത്വവുമുള്ളത്. രാജ്യത്ത് കര്‍ഷക സമരങ്ങള്‍ ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ തേജസ്വിയുടെ ഇപ്പോഴത്തെ പ്രതികരണം തന്നെ തന്ത്രപരമാണ്. മോദിയെ കവച്ചുവയ്ക്കുന്ന ”മിടുക്കാണിത്’.

Top