വാരാണസിയില്‍ നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്ന് ; നാളെ പത്രിക സമര്‍പ്പിക്കും

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണസിയില്‍ റോഡ് ഷോ നടത്തും. നാളെയാണ് മോദി വരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. മോദി തരംഗം സുനാമി ആയി മാറും എന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ വാരണാസിയിൽ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് റോഡ് ഷോ. ബി എച്ച് യുവില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ ഏഴ് കിലോമീറ്റർ നഗരം ചുറ്റി ദശാശ്വമേധ ഘട്ടിൽ അവസാനിക്കും. തുടർന്ന് ഗംഗ ആരതിയിലും മോദി സംബന്ധിക്കും. നാളെ 12 മണിക്കാണ് മോദി വാരണാസിയിൽ നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കുന്നത്. രാവിലെ കാല ഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന മോദി ബിജെപി പ്രവര്‍ത്തകരെ കാണും. തുടർന്ന് 12 മണിയോടെ നാമനിർദേശ പത്രിക സമർപ്പിക്കും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഇന്ന് വരണാസിയിലെ ദശാശ്വേമേധ് ഗാട്ടില്‍ പ്രധാനമന്ത്രി പൂജ നടത്തും.

അതേസമയം പ്രിയങ്കാ ഗാന്ധിയെ വരാണസിയില്‍ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാജസ്ഥാനിലെ വിവിധ റാലികളില്‍ പങ്കെടുക്കും.

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നാണ് പ്രിയങ്കയുടെ നിലപാട്. പ്രിയങ്ക മത്സരിച്ചാല്‍ ദളിത് സവര്‍ണ മുസ്ലീം വിഭാഗങ്ങളുടെ വോട്ടുകള്‍ ലഭിക്കുമെന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കണക്കുകൂട്ടല്‍ അതിനാല്‍ പ്രിയങ്കക്ക് പിന്തുണ നല്‍കാനും പാര്‍ട്ടികള്‍ തയ്യാറായേക്കും.

Top