ദക്ഷിണേന്ത്യന്‍ ശൈലിയില്‍ മുണ്ടുടുത്ത് മോദി ! വേഷം മാത്രമല്ല, പേരും മാറ്റും

പോര്‍ട്ട് ബ്ലെയര്‍: ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ 75ാമത്തെ വാര്‍ഷികത്തിന്റെ ഭാഗമായി പോര്‍ട്ട് ബ്ലെയറില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആകെ മാറി. ദക്ഷിണേന്ത്യന്‍ ശൈലിയില്‍ മുണ്ടുടുത്താണ് നരേന്ദ്രമോദിയെത്തിയത്. മോദി ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പുതിയ ഗെറ്റപ്പിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോര്‍ട്ട് ബ്ലെയര്‍ സന്ദര്‍ശന വേളയില്‍ മൂന്ന് ദ്വീപുകളുടെ പേര് മാറ്റുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

റോസ് ഐലാന്‍ഡ്, നീല്‍ ഐലാന്‍ഡ്, ഹാവ്‌ലോക്ക് ഐലാന്‍ഡ് എന്നീ ദ്വീപുകള്‍ പുതിയ പേരില്‍ അറിയപ്പെടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേതാജി സുഭാഷ്ചന്ദ്ര ബോസ് ദ്വീപി, ശെഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നീ പേരുകളാണ് നല്‍കുന്നത്. പേര് മാറ്റുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാന്‍കാര്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് പിടിച്ചെടുത്തപ്പോള്‍ നേതാജിയാണ് അവിടെ കൊടി ഉയര്‍ത്തിയതെന്നും അന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന് ശെഹീദ് എന്നും സ്വരാജ് എന്നും പേരിടണമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും അത് നടപ്പിലാക്കാനാണ് ശ്രമം എന്നുമാണ് ബിജെപി അവകാശപ്പെടുന്നത്. സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ 75മത്തെ വാര്‍ഷികത്തിന്റെ ഭാഗമായി 150 മീറ്റര്‍ ഉയരത്തില്‍ പോര്‍ട്ട് ബ്ലെയറില്‍ മൂന്നാം തീയതി ഇന്ത്യന്‍ പതാക ഉയര്‍ത്തും.

Top