കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം നീക്കണം – തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനാണ് നിര്‍ദേശം നല്‍കിയത്.തൃണമൂൽ കോൺഗ്രസിന്‍റെ പരാതിയിലാണ് നടപടി.

പശ്ചിമ ബംഗാള്‍, കേരളം, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.പ്രധാനമന്ത്രിയുടെ ഫോട്ടോ കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ചടിക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും പെരുമാറ്റ ചട്ടലംഘനമാണെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയത്. തുടര്‍ന്ന് ബംഗാളിലെ ചീഫ് ഇലക്ടറല്‍ ഓഫീസറോട് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതി.

Top