‘മോദിയുടെ പിതാവിന്റെ പേര്’; ‘ഡയറി മില്‍ക്ക്’ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് സംഘപരിവാര്‍ 

ന്യൂഡല്‍ഹി: കാഡ്‌ബെറിയുടെ ഡയറി മിൽക് ചോക്ലേറ്റ് ബഹിഷ്‌ക്കരിക്കാന്‍ ട്വിറ്ററില്‍ സംഘപരിവാര്‍ അനുഭാവികളുടെ ആഹ്വാനം. കാഡ്‌ബെറിയുടെ ദീപാവലി സ്‌പെഷ്യല്‍ പരസ്യത്തിലെ കഥാപാത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവിന്റെ പേര് നല്‍കിയെന്ന് പ്രചരിപ്പിച്ചുകൊണ്ടാണ് ചോക്ലേറ്റ് ബഹിഷ്‌കരണ ആഹ്വാനം. #BoycottCadbury ഹാഷ് ടാഗിലാണ് സംഘപരിവാര്‍ പ്രചരണം നടക്കുന്നത്.

പരസ്യത്തിലെ ദരിദ്രനായ കച്ചവടക്കാരന്റെ പേര് ദാമോദര്‍ എന്നാണ്. ഇത് മോദിയുടെ പിതാവിന്റെ പേരാണെന്നും ഇത് കച്ചവടക്കാരന് നല്‍കിയെന്നുമാണ് സംഘപരിവാര്‍ പ്രചരണം.വിഷയത്തില്‍ പ്രാചി സാധ്വി ട്വീറ്റ് ചെയ്തത് ഇങ്ങനെ. ‘ടെലിവിഷന്‍ ചാനലുകളില്‍ കാഡ്‌ബെറി ചോക്ലറ്റിന്റെ പരസ്യം നിങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചിട്ടുണ്ടോ? കടയില്ലാത്ത പാവം വിളക്ക് വില്‍പനക്കാരന്റെ പേര് ദാമോദര്‍ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അച്ഛന്റെ പേരുള്ള ഒരാളെ മോശമായി ചിത്രീകരിക്കുകയാണ്. കാഡ്ബറി കമ്പനി ഇത് നാണക്കേട്’.

അതേസമയം, പരസ്യത്തെ അനുകൂലിച്ചും ഒരു വിഭാഗം ട്വിറ്ററിലൂടെ രംഗത്തെത്തി. സൂക്ഷമമായി നിരീക്ഷിച്ചു, നല്ല പരസ്യം എന്നാണ് ചിലരുടെ കമന്റ്. രാജ്യത്ത് ഇതിനു മുമ്പും കാഡ്‌ബെറി വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. കമ്പനിയുടെ ഏറ്റവും ജനപ്രിയമായ ചോക്ലേറ്റ് ഡയറി മില്‍ക്കില്‍ ബീഫ് ചേര്‍ക്കുന്നുവെന്നാണ് കഴിഞ്ഞ വര്‍ഷം ആരോപണം ഉയര്‍ന്നത്. ചോക്ലേറ്റ് നിരോധിക്കണമെന്നുവരെ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയില്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കാഡ്‌ബെറി വെജിറ്റേറിയന്‍ ആണെന്ന് കമ്പനി വിശദീകരിച്ചിരുന്നു.

 

Top