modi’s demonitisation effect Opposition parties

ന്യൂഡല്‍ഹി: വന്‍ വ്യവസായികളും, ഉദ്ദ്യോഗസ്ഥരുമുള്‍പ്പെടെ പ്രമുഖര്‍ കള്ളപ്പണവേട്ടയില്‍ കുരുങ്ങുന്നത് കേന്ദ്ര സര്‍ക്കാരിന് തുരുപ്പ് ചീട്ടാകുന്നു.

കേന്ദ്ര ഏജന്‍സികളായ സി.ബി.ഐ, ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ ഡിപ്പാര്‍ട്ട്മെന്റുകള്‍ ഇപ്പോള്‍ സ്വീകരിച്ച് കൊണ്ടിരിക്കുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ സുതാര്യതക്ക് തെളിവാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടികാണിക്കുന്നത്.

രാജ്യത്ത് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് നടക്കുന്ന കേന്ദ ഏജന്‍സികളുടെ റെയ്ഡുകളില്‍ ഏറ്റവും അധികം കള്ളപ്പണം കണ്ടെത്തിയത് പ്രധാനമന്ത്രി മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തില്‍ നിന്നുതന്നെയാണ്.

ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദിലെ സഹകരണ ബാങ്കില്‍പോലും റെയ്ഡ് നടത്താന്‍ കേന്ദ്ര അന്വേഷണസംഘം തയ്യാറായത് രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ അമ്പരപ്പിച്ചിരുന്നു. 500 കോടി രൂപയുടെ നിക്ഷേപമാണ് ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പുകള്‍ ഇവിടെ നിന്നും കണ്ടെത്തിയിരുന്നത്.

കേന്ദ്രത്തിന്റെ നടപടികളില്‍ പക്ഷാഭേദമില്ലന്നതിന്റെ സൂചനയായിട്ടാണ് ഈ നടപടിയെ ബിജെപി തന്നെ ചൂണ്ടികാണിക്കുന്നത്.

”ഞങ്ങള്‍ക്ക് ഒന്നും ഒളിച്ച് വെക്കാനില്ല എല്ലാം പുറത്ത് വരട്ടെ, റെയ്ഡിനെ എതിര്‍ക്കേണ്ട ഒരു സാഹചര്യവുമില്ല” എന്നാണ് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്.

നോട്ട് അസാധുവാക്കലില്‍ പാവങ്ങളാണ് വഴിയാധാരമായതെന്നും കള്ളപ്പണക്കാര്‍ക്ക് ഒന്നും സംഭവിക്കാനില്ലയെന്നുമുള്ള പ്രതിപക്ഷ പ്രചരണത്തിനുള്ള തിരിച്ചടി കൂടിയാണ് ഇപ്പോള്‍ നടക്കുന്ന കള്ളപ്പണവേട്ടയെന്നാണ് പാര്‍ട്ടി ചൂണ്ടികാണിക്കുന്നത്.

അതേസമയം, ബിജെപി അദ്ധ്യക്ഷന്‍ ഭരണസമിതി തലപ്പത്ത് ഉണ്ടായിട്ടുപോലും ഗുജറാത്തിലെ സഹകരണ ബാങ്കില്‍ റെയ്ഡ് നടത്തുന്നതില്‍ നിന്നും അന്വേഷണസംഘത്തെ വിലക്കാതിരുന്നത് പ്രതിപക്ഷത്തിന്റെ വായടപ്പിക്കാന്‍ കൂടി ഉദ്ദ്യേശിച്ചുള്ള മോദിയുടെ തന്ത്രപരമായ നീക്കമായിരുന്നുവത്രേ.

കള്ളപ്പണവേട്ട കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ ചുമതലയുള്ള കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍യിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് കേന്ദ്ര ഏജന്‍സികള്‍ നീങ്ങുമെന്നാണ് സൂചന.

കാര്യങ്ങള്‍ മോണിറ്റര്‍ ചെയ്യാന്‍ സിബിഐ ഡയറക്ടര്‍ക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ഉന്നതരുടെ വീടുകളിലും, ഓഫീസികളിലും നടക്കുന്ന റെയ്ഡുകളില്‍ സംസ്ഥാന പൊലീസിന്റെ സഹായം തേടാതെ സി.ആര്‍.പിഎഫിനെ ഉപയോഗപ്പെടുത്താനാണ് തീരുമാനം.

ബിജെപി നേതാക്കള്‍ അടക്കം വിവിധ രാഷ്ട്രീയ നേതൃത്വങ്ങളുമായി ബന്ധമുള്ള പ്രമുഖ മണല്‍ ഖനന വ്യാപാരി ജെ .ശേഖര്‍ റെഡ്ഡിയെയും കൂട്ടാളിയായ കെ.ശ്രീനിവാസലുവിനെയും അറസ്റ്റ് ചെയ്ത സിബിഐ നല്‍കിയ നിര്‍ദ്ദേശപ്രകാരം തമിഴ്‌നാട് ചീഫ് സെക്രട്ടറി രാമമോഹന റാവൂവിന്റെ വസതിയില്‍ ഇന്‍കംടാക്‌സ് അധികൃതര്‍ നടത്തിയ റെയ്ഡിലും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തായത്.

30 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍, അഞ്ച് കിലോ സ്വര്‍ണ്ണം എന്നിവയാണ് ഇന്‍കംടാക്‌സ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ഇദ്ദേഹത്തിന്റെ മകന്‍ വിവേകിന്റെ വീട്ടില്‍ നിന്ന് 18 ലക്ഷം രൂപയും ബന്ധുവീട്ടുകളില്‍ നിന്ന് 12 ലക്ഷവും കണ്ടെത്തിയിട്ടുണ്ട്.

ശേഖര്‍ റെഡ്ഡിയും വിവേകും തമ്മില്‍ 17 കോടിയോളം രൂപയുടെ അനധികൃത പണമിടപാടുകള്‍ നടത്തിയതിന്റെ രേഖ ഇന്‍കംടാക്‌സ് അധികൃതര്‍ കണ്ടെടുത്തതായും സൂചനയുണ്ട്.

നേരത്തെ ശേഖര്‍ റെഡ്ഡിയുടെയും ശ്രീനിവാസലുവിന്റെയും വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡില്‍ 170 കോടി രൂപയും, 127 കിലോ സ്വര്‍ണ്ണവും കണ്ടെടുത്തിരുന്നു.

ബിജെപി നേതൃത്വവുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര മന്ത്രി സഭയിലെ മിക്ക മന്ത്രിമാരുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന അണ്ണാഡിഎംകെ ഭരിക്കുന്ന സംസ്ഥാനത്ത് ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ റെയ്ഡ് നടത്താന്‍ സി.ആര്‍.പി.എഫ് ജവാന്‍മാരെയാണ് കേന്ദ്രം വിട്ടുനല്‍കിയത്. അതായത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അറിവോടെ നടന്ന റെയ്ഡാണിതെന്ന് വ്യക്തം.

കള്ളപ്പണം തടയുന്നതിന് വേണ്ടി 1000,500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന്റെ യുക്തി ചോദ്യം ചെയ്ത പ്രതിപക്ഷ പാര്‍ട്ടികള്‍ ലക്ഷക്കണക്കിന് പുതിയ നോട്ടുകള്‍ കള്ളപ്പണക്കാരുടെ കൈകളില്‍ എത്തിയത് കേന്ദ്രത്തിന്റെ അറിവോടെയാണെന്നാണ് ആരോപിച്ചിരുന്നത്.

ഇതിനുള്ള ഒരു മറുപടികുടിയാണ് ഇപ്പോള്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ വീട്ടിലും, ഓഫീസിലും നടത്തിയ റെയ്ഡുകള്‍.

ഗുജറാത്തില്‍ ബിജെപി പ്രസിഡന്റ് അമിത്ഷാ ഭാരവാഹിയായ സഹകരണ ബാങ്കില്‍ മാത്രമല്ല കേരളത്തില്‍ മലപ്പുറത്തെ ജില്ലാസഹകരണ ബാങ്കില്‍ നിന്ന് പോലും 266 കോടി കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത് സഹകരണ മേഖലയ്ക്ക് വേണ്ടി വാദിക്കുന്ന ഇടതു പാര്‍ട്ടികളുള്‍പ്പെടെയുള്ളവര്‍ക്കും തിരിച്ചടിയാണ്.

അതേസമയം, 500,1000 നോട്ട് അസാധുവാക്കിയതിനുശേഷം 3,590 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് വിവരം പുറത്തുവിട്ടത്.

പുതിയവ അടക്കം 505 കോടിയുടെ നോട്ടുകള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് വിവിധ ഇടങ്ങളില്‍ ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധന തുടരുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Top