മോദിയ്‌ക്കെതിരെ മിണ്ടുന്നവരെയെല്ലാം അവര്‍ തീവ്രവാദികളാക്കും;രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നവരെ തീവ്രവാദികളാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ”പ്രധാനമന്ത്രി നരേന്ദ്രമോദി കുത്തക മുതലാളിമാരില്‍ നിന്ന് പണമുണ്ടാക്കുന്നു. അദ്ദേഹത്തിനെതിരെ ആര് പറഞ്ഞാലും അവര്‍ തീവ്രവാദികളാകും. അത് കര്‍ഷകരായാലും തൊഴിലാളികളായാലും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതായാലും’ രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്ത് നിലവില്‍ ജനാധിപത്യം ഇല്ല,ജനാധിപത്യമുണ്ടെന്ന് കരുതുന്നവരുണ്ടെങ്കില്‍ നിങ്ങളുടെ ചിന്തകളില്‍ മാത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിച്ചതിന് ശേഷമായിരുന്നു പ്രതികരണം. കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് സംയുക്ത സമ്മേളനം വിളിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം, കാര്‍ഷിക നയങ്ങള്‍ക്കെതിരെ ഡല്‍ഹി രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്തു. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്നായിരുന്നു പൊലീസ് നടപടി. വിജയ് ചൗക്ക് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ നടത്താനിരുന്ന മാര്‍ച്ചിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

Top