മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി വെള്ളിയാഴ്ച കൂടികാഴ്ച നടത്തിയേക്കും

വത്തിക്കാൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടികാഴ്ച നടത്തും. വത്തിക്കാനില്‍ വരുന്ന വെള്ളിയാഴ്ചയായിരിക്കും കൂടികാഴ്ച നടക്കുക. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി റോമില്‍ എത്തുമ്പോഴാണ് ഈ കൂടിക്കാഴ്ച നടക്കുക എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.കൂടിക്കാഴ്ചയിൽ പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്നും സൂചനകൾ ഉണ്ട്

ഒക്ടോബര്‍ 28ന് ആരംഭിക്കുന്ന പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശന വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സൗഹൃദ കൂടികാഴ്ചയുണ്ടാകും എന്ന് തന്നെയാണ് വിവരം. ഒക്ടോബര്‍ 29,30 തീയതികളില്‍ റോമില്‍ വച്ചാണ് ജി20 രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്നത്. ഇവിടെ നിന്നും സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ്‌കോയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി നവംബര്‍ 1ന് അവിടെ കോപ്26 ഉച്ചകോടിയില്‍ സംസാരിക്കും.

ഇതിന് അനുബന്ധമായി കാലവസ്ഥ മാറ്റം സംബന്ധിച്ച ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണിനൊപ്പം പ്രധാനമന്ത്രി മോദി പങ്കെടുക്കും എന്നാണ് വിവരം. ജി20 ഉച്ചകോടിയില്‍ താലിബാന്‍ ഭരണത്തിലായ അഫ്ഗാനിസ്ഥാന്‍ ആയിരിക്കും പ്രധാന ചര്‍ച്ച വിഷയം. ഇന്തോ പസഫിക് മേഖലയിലെ ചൈനീസ് നീക്കങ്ങളും ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നു.

 

Top