ഇമ്രാൻ ഖാൻ മോദിക്ക് വച്ചത് വൻ പാര, ഏറ്റെടുത്ത് വിവാദമാക്കി പ്രതിപക്ഷവും

ന്ത്യയില്‍ വീണ്ടും നരേന്ദ്രമോദി അധികാരത്തില്‍വരണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അഭിപ്രായപ്രകടനം ബി.ജെ.പിക്കും നരേന്ദ്രമോദിക്കും തിരിച്ചടിയാകുന്നു.

കോണ്‍ഗ്രസും പ്രതിപക്ഷവും പാക്കിസ്ഥാനെ സഹായിക്കുകയാണെന്ന ആരോപണം ഉയര്‍ത്തിയ മോദിയെ തിരിഞ്ഞുകുത്തുന്നതാണ് ഇമ്രാന്‍ഖാന്റെ പിന്തുണ.

രാഹുല്‍ഗാന്ധി ജയിച്ചാല്‍ പാക്കിസ്ഥാനില്‍ പടക്കംപൊട്ടിക്കുമെന്ന് പറഞ്ഞ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും ഇമ്രാന്‍ഖാന്റെ പിന്തുണയില്‍ പ്രതിരോധത്തിലായിട്ടുണ്ട്. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലെ മുസ്‌ലിം ലീഗ് പതാകകണ്ട് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് പാക്കിസ്ഥാനിലാണോ എന്നു പരിഹസിച്ച അമിത്ഷായുടെ വായടപ്പിക്കുന്നതാണ് ഇമ്രാന്‍ഖാന്റെ ഈ വാക്കുകള്‍.

ഇന്ത്യാ- പാക് സമാധാന ചര്‍ച്ചകള്‍ ഫലപ്രദമാകാന്‍ ഇന്ത്യയില്‍ വീണ്ടും നരേന്ദ്രമോദി അധികാരത്തില്‍ വരണമെന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് കശ്മീര്‍ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് സഹായകമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മോദി അധികാരത്തില്‍ വന്നാല്‍ മാത്രമേ കാശ്മീര്‍ പ്രശ്‌നത്തില്‍ പാക്കിസ്ഥാനുമായി സമാധാനചര്‍ച്ചകള്‍ നടക്കാന്‍ ഇടയുള്ളൂവെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ പിന്നോട്ടടിക്കുമെന്നും ഇമ്രാന്‍ ഖാന്‍ ചൂണ്ടികാട്ടി .

മോദിയെ വിമര്‍ശിക്കുന്നവരോട് പാക്കിസ്ഥാനില്‍ പോകാന്‍ ആവശ്യപ്പെടുന്ന സംഘപരിവാറിനെയും വെട്ടിലാക്കുന്നതാണ് പാക് പ്രധാനമന്ത്രിയുടെ ഈ മോദി പിന്തുണ. മോദിക്കുള്ള ഓരോ വോട്ടും പാക്കിസ്ഥാനുള്ളതാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ മോദി ജയിക്കുമെന്ന ഇമ്രാന്റെ പ്രസ്താവന ഇതിന് തെളിവാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല തുറന്നടിച്ചു.

ആദ്യം നവാസ് ഷെരീഫുമായി മോദി കൂട്ടുകെട്ടിലായിരുന്നു. ഇപ്പോള്‍ ഇമ്രാന്‍ഖാനാണ് സുഹൃത്തെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. അതേസമയം, ഇന്ത്യയുടെ പ്രധാനമന്ത്രി ആരാവണമെന്ന പാക്കിസ്ഥാന്റെ മനസിലിരിപ്പ് ഇപ്പോള്‍ വ്യക്തമായതായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അഭിപ്രായപ്പെട്ടു.

പ്രചരണത്തില്‍ മോദിയുടെ ഏക വിഷയം പാക്കിസ്ഥാന്‍ മാത്രമാണ്. ഇന്ത്യന്‍സേനാ താവളത്തിലേക്ക് ഐ.എസ്.ഐയെ ക്ഷണിച്ച ഏക പ്രധാനമന്ത്രിയാണ് മോദി. പാക്കിസ്ഥാനിലേക്ക് ക്ഷണമില്ലാതെപോയ ഏക വ്യക്തിയും അദ്ദേഹം തന്നെയാണെന്നും യെച്ചുരി പറയുന്നു.

മോദി പ്രധാനമന്ത്രിയാകണമെന്നാണ് ഐ.എസ്.ഐയുടെ ആഗ്രഹമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ പാക്ക് പ്രധാനമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയതായും യെച്ചൂരി ആരോപിച്ചു. മോദി വിജയിച്ചാല്‍ ആഹ്ലാദത്തിന്റെ ആദ്യ പടക്കം പാക്കിസ്ഥാനില്‍ പൊട്ടുമെന്നാണ് ഇതെക്കുറിച്ച് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചത്. ദേശീയ നേതാക്കളുടെ ഈ പ്രതികരണങ്ങളെല്ലാം ബിജെപിയെ പ്രതിരോധത്തിലാക്കുന്നതാണ്.

മോദി വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍ പാക്കിസ്ഥാന്‍ നടത്തിയ തന്ത്രപരമായ നീക്കമായിട്ടാണ് ഇമ്രാന്‍ ഖാന്റെ പ്രസ്ഥാവനയെ ബിജെപി നോക്കി കാണുന്നത്. ഇത്തരത്തില്‍ തന്നെയാണ് അവരുടെ പ്രതികരണങ്ങളും ഇപ്പോള്‍ പുറത്തുവരുന്നത്. 44 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാല ഭീകരാക്രമണത്തിനു ശേഷമാണ് ഇന്ത്യാ പാക് ബന്ധം കൂടുതല്‍ അവതാളത്തിലായത്. ഭീകരാക്രമണത്തിന്റെ സൂത്രധാരരായ ജെയ്‌ഷെ മുഹമ്മദിന്റെ ബാലകോട്ടിലെ തീവ്രവാദ കേന്ദ്രത്തില്‍ ഇന്ത്യന്‍ വ്യോമസേന ബോംബാക്രമണം നടത്തി തിരിച്ചടിച്ചിരുന്നു.

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് യുദ്ധസമാനമായ സാഹചര്യമാണ് ഉണ്ടാക്കിയിരുന്നത്. ഈ അവസരത്തില്‍ തന്നെ പാക്‌ദേശീയ ദിനത്തില്‍ ഇമ്രാന്‍ഖാന് നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നത് വിവാദത്തിനും വഴിവെച്ചു.

നരേന്ദ്രമോദിയുടെ ആശംസയില്‍ നന്ദിയറിയിച്ച് ഇമ്രാന്‍ ട്വീറ്റ് ചെയ്തതോടെയാണ് ഇത് പരസ്യമായത്. പ്രതിപക്ഷം ഈ നടപടിക്കെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.

മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് എത്തിയ സംഭവവും ഇതോടെ ചര്‍ച്ചക്ക് കാരണമായി. പ്രതിപക്ഷ പാര്‍ട്ടികള്‍ തന്നെയാണ് ഇക്കാര്യവും പ്രചരണയുധമാക്കിയത്.

ഷെരീഫിന്റെ പിറന്നാള്‍ ദിനത്തില്‍ മോദി പാക്കിസ്ഥാനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയാണ് പിറന്നാള്‍ സമ്മാനം നല്‍കിയിരുന്നത്. മോദി സമ്മാനിച്ച ഇന്ത്യന്‍ തലപ്പാവണിഞ്ഞാണ് പേരക്കുട്ടിയുടെ വിവാഹദിനത്തില്‍ നവാസ് ഷെരീഫ് പ്രത്യക്ഷപ്പെട്ടിരുന്നത്. മോദിയുടെ മാതാവിന് നവാസ് ഷെരീഫ് സമ്മാനമായി സാരിയും നല്‍കിയിരുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിമാരുമായി സൗഹൃദം പുലര്‍ത്തുമ്പോഴും ഇന്ത്യയില്‍ പാക്കിസ്ഥാനെതിരെ കടന്നാക്രമണത്തിന്റെ രാഷ്ട്രീയമാണ് നരേന്ദ്ര മോദി പയറ്റിയിരുന്നത്. ഈ അടവാണ് ഇമ്രാന്‍ഖാന്‍ ഇപ്പോള്‍ പൊളിച്ചടുക്കിയിരിക്കുന്നത്.

Top