അമ്പരപ്പിക്കുന്ന തരത്തില്‍ രൂപമാറ്റം വരുത്തി ഹ്യുണ്ടായി ക്രെറ്റ

കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന തരത്തില്‍ രൂപമാറ്റം വരുത്തി ഹ്യുണ്ടായി ക്രെറ്റ. എയര്‍ സസ്‌പെന്‍ഷന്‍ നല്‍കി റോഡിനോട് പറ്റിച്ചേര്‍ന്ന് പായുന്ന ഈ ക്രെറ്റ കാഴ്ചയില്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. ആദ്യ തലമുറയിലെ ക്രെറ്റയാണ് ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന സൗന്ദര്യം കൈവരിച്ചിരിക്കുന്നത്. വാഹനത്തിന്റെ അടിസ്ഥാനരൂപം നിലനിര്‍ത്തി ചില ഫീച്ചറുകള്‍ നല്‍കിയാണ് ഈ വാഹനത്തെ ഒരുക്കിയിരിക്കുന്നത്.

ഡാര്‍ക്ക് റെഡ് ഫിനീഷിങ്ങാണ് ഈ വാഹനത്തിന് നല്‍കിയിട്ടുള്ളത്. മുന്‍ഭാഗത്തെ ഗ്രില്ല് അതുപോലെ നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം, ബംമ്പറിന് താഴെയായി സ്‌കേര്‍ട്ട് നല്‍കി കൂടുതല്‍ താഴ്ത്തിയിരിക്കുന്നു. ഇതില്‍ എയര്‍ ഇന്‍ടേക്കുകളും നല്‍കിയിട്ടുണ്ട്. ബ്ലാക്ക് ഫോഗ്ഡ് ഫിനീഷിങ്ങിലുള്ളത് എല്‍ഇഡി ഡിആര്‍എല്‍ നല്‍കിയിട്ടുള്ളതുമായ ഹെഡ്‌ലാമ്പും ഇതിന്റെ മുന്‍വശത്തെ സ്‌റ്റൈലിഷാക്കുന്നു.

ടയറുകളാണ് ഈ വാഹനത്തിന്റെ വശങ്ങളെ ആകര്‍ഷകമാക്കുന്നത്. ഗോള്‍ഡന്‍ ഫിനീഷിങ്ങിലുള്ള 22 ഇഞ്ച് ഏഴ് സ്‌പോക്ക് അലോയി വീലുകളും നേര്‍ത്ത ടയറുമാണ് ഇതിലുള്ളത്. വശങ്ങളിലും ബോഡി കിറ്റുകള്‍ നല്‍കിയിട്ടുണ്ട്. മുന്നിരയിലെ ഡോറുകള്‍ ഫ്‌ളൈ ഡോറുകളാക്കിയിട്ടുണ്ട്. പിന്നിര ഡോറുകള്‍ റോള്‍സ് റോയിസ് കാറുകളെ ഡോറുകള്‍ക്ക് സമാനമായാണ് തുറക്കുന്നത്.

പിന്നിരയില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. ബംമ്പര്‍ അഴിച്ചുപണിതിട്ടുണ്ട്. വാഹനത്തിന്റെ റൂഫില്‍ നല്‍കിയിട്ടുള്ള ബ്ലാക്ക് പെയിന്റ് ഹാച്ച്‌ഡോറിലേക്കും നീളുന്നു. ബംമ്പറിന്റെ താഴെയായി ബോഡി കിറ്റുകള്‍ ഒരുക്കുന്നുണ്ട്. ഡ്യുവല്‍ പൈപ്പ് സ്‌പോട്ടി എക്‌സ്‌ഹോസ്റ്റ് പൈപ്പ് മധ്യഭാഗത്തേക്ക് സ്ഥാനം മാറ്റിയിട്ടുള്ളതും പിന്‍വശത്തെ സ്‌പോര്‍ട്ടിയാക്കുന്നു.

വലിയ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റവും ഉയര്‍ന്ന ശേഷിയുള്ള മ്യൂസിക് സിസ്റ്റം നല്‍കിയിട്ടുള്ളത് മാത്രമാണ് അകത്തളത്തെ മാറ്റം. ഡിക്കിയില്‍ പൂര്‍ണമായും സ്പീക്കറുകളും സബ്-വൂഫറുകളും ഉള്‍പ്പെടെയുള്ളവ നല്‍കിയിരിക്കുകയാണ്.

Top