കര്‍ഷകര്‍ക്കുള്ള മോദിയുടെ 6000 രൂപ സഹായം; കേരളത്തില്‍ നടപ്പാക്കാതെ സര്‍ക്കാര്‍

പാലക്കാട്; പ്രധാനമന്ത്രി കിസാന്‍സമ്മാന്‍ നിധി പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് തെരരഞ്ഞെടുപ്പിനു മുന്‍പ് നല്‍കില്ലെന്ന് സൂചന. പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ നടപടി നീട്ടികൊണ്ടുപോകാന്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പല സംസ്ഥാനങ്ങളിലും കര്‍ഷകര്‍ക്കു ധനസഹായത്തിന്റെ ആദ്യഗഡു- 2000 രൂപ അക്കൗണ്ടിലെത്തി. പണം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ഏത്രയും വേഗം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു കൃഷിവകുപ്പിനോടു ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തു 11 ലക്ഷത്തിലധികം പേര്‍ക്കു ആനുകൂല്യം ലഭിക്കുമെന്നാണു പ്രാഥമിക കണക്ക്. മൊത്തം കര്‍ഷകരില്‍ 90 ശതമാനവും ചെറുകിട നാമമാത്രക്കാരാണ്. അതില്‍ നാലു ലക്ഷം പേര്‍ ഇതുവരെ വകുപ്പില്‍ പേരു റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഞ്ച് ഏക്കര്‍ വരെ ഭൂമിയുള്ളവരാണു ആനുകൂല്യത്തിന് അര്‍ഹര്‍.

കേന്ദ്ര നിബന്ധനയനുസരിച്ചു യോഗ്യരായവരെ തിരഞ്ഞെടുക്കാന്‍ കര്‍ഷകരുടെ റജിസ്റ്റര്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിനു(എന്‍ഐസി) കൈമാറുകയാണു ആദ്യം വേണ്ടത്. അതു പിന്നീട് പിഎം കിസാന്‍ പോര്‍ട്ടലിലേക്കു മാറ്റും.
ഒരു കുടുംബത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും രണ്ടു ഹെക്ടര്‍ വീതം ഭൂമിയുണ്ടെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കിലും സഹായം ലഭിക്കില്ല. 25 നകം അര്‍ഹരുടെ പട്ടിക തയാറാക്കാന്‍ നിര്‍ദ്ദേശമുണ്ടായെങ്കിലും അനുബന്ധ നടപടിയുണ്ടായില്ല.

പദ്ധതി നടപ്പാക്കാന്‍ കൃഷിവകുപ്പ് ആദ്യം പ്രത്യേക ഉത്തരവ് ഇറക്കണം. റജിസ്റ്ററില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ കര്‍ഷകരുടെ അപേക്ഷ കൃഷിഭവന്‍ മുഖേന സ്വീകരിക്കാനാണു നീക്കം.ആധാര്‍കാര്‍ഡ്, ദേശസാല്‍കൃതബാങ്കില്‍ അക്കൗണ്ട്, ഭൂനികുതി രസീത് എന്നിവയാണു അടിസ്ഥാന രേഖയായി കണക്കാക്കുന്ന്ത. നടപടികള്‍ താമസിയാതെ പൂര്‍ത്തിയാക്കുമെന്നു സംസ്ഥാന കാര്‍ഷികോത്പാദന കമ്മിഷണര്‍ ഡോ. ഡി.കെ.സിങ് പറഞ്ഞു.

Top