മഹാബലിപുരത്ത് ഷി ജിന്‍പിങ്ങിനെ സ്വീകരിക്കാന്‍ തമിഴ് സ്റ്റൈലില്‍ മുണ്ടുടുത്ത് മോദി;ചിത്രങ്ങള്‍ വൈറല്‍

ചെന്നൈ: ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് മുണ്ടുടുത്ത്.

തമിഴ് സ്‌റ്റൈലില്‍ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് തോളില്‍ ഷാളുമിട്ടാണ് മോദി ഷി ജിന്‍ പിങ്ങിനെ സ്വീകരിച്ചത്.

വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന മോദി നേരത്തെ കേരളത്തില്‍ വന്നപ്പോള്‍ കേരളാ മാതൃകയില്‍ മുണ്ടുടുത്തിരുന്നു.

ഉച്ചകോടിക്കായി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ ഷി ജിന്‍പിങ്ങിനെ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അവിടെനിന്ന് മഹാബലിപുരത്ത് എത്തിയ ശേഷമായിരുന്നു മോദി അദ്ദേഹത്തെ സ്വീകരിച്ചത്.

മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിന്‍പിങ് താമസിക്കുക. നാളെ ഉച്ചകോടി നടക്കുന്നതും അതേ ഹോട്ടലില്‍ തന്നെയാണ്. ഇന്ന് രാവിലെ മഹാബലിപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ ആ ഹോട്ടലിലാണുള്ളത്. ഇന്ന് വൈകിട്ട് മഹാബലിപുരത്തെ അര്‍ജുനശിലയ്ക്കു മുമ്പില്‍ വച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തും. ജമ്മു കശ്മീര്‍ വിഷയം മോദി-ജിന്‍പിങ് ചര്‍ച്ചയില്‍ വിഷയമാകുമെന്നാണ് സൂചന.ഷി ജിന്‍പിങ് പ്രതിപക്ഷ നേതാക്കളെ കാണില്ലെന്നാണ് വിവരം. ഇടതു നേതാക്കള്‍ക്കും കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ല.

Top