രാജ്യത്ത് എവിടെ മത്സരിച്ചാലും മോദി വിജയിക്കും, തിരുവനന്തപുരത്തെ സാധ്യത തള്ളാനാവില്ല; കെ.സുരേന്ദ്രന്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാജ്യത്തെ ഏത് മുക്കിലും മൂലയിലും മത്സരിച്ചാലും മോദി വിജയിക്കും. മത്സരിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുന്നത് കേന്ദ്ര നേതൃത്വമാണ്. രാഹുല്‍ ഗാന്ധിയ്ക്ക് ഇവിടെ വന്ന് മത്സരിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് വന്ന് മത്സരിച്ചു കൂടെ എന്ന് സുരേന്ദ്രന്‍ ചോദിച്ചു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം ആലോചനയിലുണ്ട്. ബിഡിജെഎസുമായി ആലോചിച്ച് അക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സുരന്ദ്രന്റെ പ്രതികരണം.

സര്‍വകലാശാലകളില്‍ ഇപ്പോള്‍ ശുദ്ധവായു വരുന്നു. കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് എസ്എഫ്‌ഐ ക്രിമിനലുകളെ പുറത്താക്കും. എഴുപത് വര്‍ഷമായി എകെജി സെന്ററിലെ അടിച്ചു തളിക്കാരാണ് സെനറ്റിലും സിന്‍ഡിക്കേറ്റിലും ഉള്ളത്. ഇപ്പോള്‍ ശരിയായ ആള്‍ക്കാര്‍ വന്നപ്പോള്‍ എന്തിനാണ് ബഹളം വെയ്ക്കുന്നത് എന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Top