മോദിക്ക് ചൈനയുടെ മുന്നിൽ മുട്ടിടിക്കും: കർഷകരെ ഭീഷണിപ്പെടുത്തും- രാഹുൽ

യ്പൂർ : വിവാദ കൃഷി നിയമങ്ങൾ നടപ്പാക്കിയാൽ അതു കർഷകരെ മാത്രമല്ല, മറിച്ചു രാജ്യത്തെ 40% ആളുകളെ പ്രതികൂലമായി ബാധിക്കുമെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “നിയമങ്ങള്‍ പിന്‍വലിക്കാൻ കേന്ദ്രസർക്കാർ തയാറാകണം. അല്ലെങ്കിൽ കർഷകരും തൊഴിലാളികളും തങ്ങളുടെ ശക്തി എന്താണെന്നു പ്രധാനമന്ത്രിക്കു വ്യക്തമാക്കി കൊടുക്കും.”രാജസ്ഥാനിൽ വിവിധ കർഷക മഹാപഞ്ചായത്തുകളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നോട്ടു നിരോധനത്തിനും ജിഎസ്ടിക്കും ശേഷം രാജ്യത്തെ ജനത്തിനു നൽകിയിരിക്കുന്ന മറ്റൊരു പ്രഹരമാണു മൂന്നു കൃഷി നിയമങ്ങളും. “ചൈനയ്ക്കു മുന്നിൽ മുട്ടിടിക്കാതെ നിൽക്കാൻ പ്രധാനമന്ത്രിക്കു കെൽപ്പില്ല. എന്നാൽ കർഷകരെ ഭീഷണിപ്പെടുത്താൻ മടിയുമില്ല. കർഷകരുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നാണു മോദി പറയുന്നത്. നിങ്ങൾ അവരുടെ ഭൂമിയും ഭാവിയും തട്ടിയെടുക്കുകയാണ്. എന്നിട്ട് എന്തിനെക്കുറിച്ചു സംസാരിക്കാമെന്നാണു പറയുന്നത്”– രാഹുൽ ചോദിച്ചു.

ശ്രീഗംഗാനഗർ ജില്ലയിലെ പദംപുരിൽ സിക്കുകാരെപ്പോലെ തലപ്പാവ് അണിഞ്ഞായിരുന്നു രാഹുൽ റാലിയിൽ പങ്കെടുത്തത്. രൂപാൻഗഡ്, മക്രാന എന്നിവിടങ്ങളിൽ കർഷ സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുക്കും.

 

Top