‘സ്വയം മാറൂ, അല്ലെങ്കിൽ മാറ്റങ്ങളുണ്ടാകും’- ബിജെപി എംപിമാർക്ക് മുന്നറിയിപ്പുമായി മോദി

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ തുടർച്ചയായി പങ്കെടുക്കാതിരിക്കുന്ന ബിജെപി എംപിമാർക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സ്വയം മാറൂ, അല്ലെങ്കിൽ മാറ്റങ്ങളുണ്ടാകും–മോദി പറഞ്ഞു. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോദി എംപിമാരെ വിമർശിച്ചത്. ‘ദയവായി കൃത്യമായി പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കൂ. ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായി സമ്മർദം ചെലുത്തുന്നത് നല്ലതല്ല. കുട്ടികളെപ്പോലെ പരിഗണിക്കാനാകില്ല. നിങ്ങൾ മാറാൻ തയാറായില്ലെങ്കിൽ അതുമൂലം പല മാറ്റങ്ങളും സംഭവിക്കും’– നരേന്ദ്ര മോദി പറഞ്ഞു.

ബിജെപി സർക്കാരിനെതിരെ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. നാഗാലാൻഡിൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ടതുൾപ്പെടെ നിരവധി വിഷയങ്ങളിൽ സർക്കാർ പ്രതിരോധത്തിലായി. 12 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് െചയ്തതിലും പ്രതിഷേധം രൂക്ഷമാണ്. നവംബർ 29നാണ് പാർലമെന്റ് ശീതകാല സമ്മേളനം ആരംഭിച്ചത്. ഡിസംബർ 23 വരെയാണ് സമ്മേളനം. എന്നാൽ ഇരു സഭകളും പ്രതിപക്ഷ പ്രതിഷേധം മൂലം മൂന്നോട്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യവസായ മന്ത്രി പീയുഷ് ഗോയൽ, വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Top