കര്‍ഷകര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയാറാകണം; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര കൃഷിമന്ത്രി നല്‍കുന്ന വിശദീകരണം കര്‍ഷകര്‍ മനസിലാക്കാന്‍ തയാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഏതു സമയവും ചര്‍ച്ചയ്ക്ക് തയാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

അതേസമയം, ആറാം ചര്‍ച്ചയ്ക്കുള്ള തീയതിയില്‍ ഇതുവരെയും ധാരണയായില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുകയാണ്. മൂന്ന് കാര്‍ഷിക നിയമങ്ങളും വൈദ്യുതി ബില്ലും പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. കൂടുതല്‍ ദേശീയപാതകള്‍ ഉപരോധിക്കുമെന്ന കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കേന്ദ്രസേനയുടെ അടക്കം വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

ബുധനാഴ്ച നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്മാറിയിരുന്നു. ഇതിന് ശേഷമാണ് അഞ്ച് നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്‍കിയത്. എന്നാലിത് കിസാന്‍ മുക്തി മോര്‍ച്ച നേതാക്കള്‍ ഒറ്റക്കെട്ടായി തള്ളിയിരുന്നു.

Top