സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷം, ജനാധിപത്യത്തിലെ സുപ്രധാന ദിനം; മോദി

modi_rahul

ന്യൂഡല്‍ഹി: ഇത് ജനാധിപത്യത്തിലെ സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിയാത്മകവും തടസ്സങ്ങളില്ലാത്തതുമായ ചര്‍ച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, ഭരണഘടനയോടും ജനങ്ങളോടും പ്രതിജ്ഞാബദ്ധമെന്നും മോദി പറഞ്ഞു.

ഇന്ന് അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

അതേസമയം, മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയത്തില്‍ ഐക്യത്തിന്റെ കൂട്ടായ്മ പരീക്ഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം.

പരമാവധി വോട്ടുറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള അണിയറ നീക്കങ്ങള്‍ ഇരുപക്ഷത്തും സജീവമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ പ്രസംഗിക്കും. ചര്‍ച്ചയ്ക്കു ശേഷമായിരിക്കും വോട്ടെടുപ്പ്.

533 അംഗ സഭയില്‍ അവിശ്വാസ പ്രമേയത്തെ മറികടക്കാന്‍ ഭരണകക്ഷിക്കു വേണ്ടത് 267 വോട്ടാണ്. 273 അംഗങ്ങളുള്ള ബിജെപിക്കു വിജയം ഉറപ്പാണെങ്കിലും പ്രതിപക്ഷത്തെ ദയനീയമായി പരാജയപ്പെടുത്താനുള്ള ഒരുക്കത്തിലാണു നരേന്ദ്ര മോദിയും കൂട്ടരും.

ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎ സഖ്യത്തിലുള്ളതു 313 അംഗങ്ങള്‍. സഖ്യകക്ഷികളുടെ വോട്ടുറപ്പിക്കുന്നതിനൊപ്പം പുറമേ നിന്നുള്ളവരുടെ പിന്തുണ കൂടി നേടി വന്‍വിജയം നേടുകയാണു ബിജെപിയുടെ ലക്ഷ്യം.

അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ചു പ്രമേയത്തിനെതിരെ വോട്ട് ചെയ്യുമെന്നു ശിവസേനയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു സഭയിലുണ്ടാകണമെന്നു പാര്‍ട്ടി എംപിമാരോടും സേന നിര്‍ദേശിച്ചിട്ടുണ്ട്.

ഇരുപക്ഷത്തുമില്ലാത്ത ബിജെഡിയുടെയും, ടിആര്‍എസിന്റെയും പിന്തുണ ബിജെപി തേടിയിട്ടുണ്ട്. പിന്തുണ ലഭിച്ചില്ലെങ്കിലും വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാനും അവര്‍ക്കുമേല്‍ സമ്മര്‍ദമുണ്ട്.

അതേസമയം, അവിശ്വാസ പ്രമേയത്തെ അണ്ണാ ഡിഎംകെ പിന്തുണയ്ക്കില്ലെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്‌നാട് കാവേരി പ്രശ്‌നത്തില്‍ നീതിക്കായി പോരാടിയപ്പോള്‍ തങ്ങളെ ആരും പിന്തുണച്ചില്ലെന്ന ന്യായം നിരത്തിയാണു പളനിസ്വാമി നിലപാട് അറിയിച്ചത്.

ബിജെപിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ ഏറ്റവുമധികം അംഗങ്ങളുള്ള (37) കക്ഷിയാണ് അണ്ണാ ഡിഎംകെ.

എന്നാല്‍, ഒറ്റക്കെട്ടായി നിന്ന് വോട്ടെടുപ്പില്‍ പരമാവധി 150 പേരുടെ പിന്തുണ സമാഹരിക്കാനാണു പ്രതിപക്ഷത്തിന്റെ ശ്രമം.

കോണ്‍ഗ്രസിനു പുറമേ തൃണമൂല്‍, ടിഡിപി, സിപിഎം എന്നിവയാണു പ്രതിപക്ഷ നിരയിലെ പ്രബല കക്ഷികള്‍.

പാര്‍ട്ടി നേതൃത്വവുമായി തെറ്റിയ ടിഡിപി എംപി ദിവാകര്‍ റെഡ്ഡി സഭയില്‍ ഇന്നു ഹാജരാകില്ല.

Top