ആന്ധ്രപ്രദേശിലെ ലേപാക്ഷി സന്ദര്‍ശിച്ച് മോദി; നാളെ ഗുരുവായൂരും തൃപ്രയാറും

ഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാച്ചടങ്ങിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇതിഹാസകാവ്യമായ രാമായണവുമായി ബന്ധമുള്ള ക്ഷേത്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം തുടരുന്നു. ഇതിന്റെ ഭാഗമായി ആന്ധ്രപ്രദേശ് ലേപാക്ഷിയില്‍ സ്ഥിതി ചെയ്യുന്ന വീരഭദ്ര ക്ഷേത്രം പ്രധാനമന്ത്രി ചൊവ്വാഴ്ച സന്ദര്‍ശിച്ചു.

സീതാദേവിയുടെ അപഹരണാവേളയില്‍ രക്ഷിക്കാന്‍ ശ്രമിക്കുകയും രാവണന്റെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്ത ഗരുഡരാജനായ ജടായു മരണം വരിക്കുകയും മോക്ഷം പ്രാപിക്കുകയും ചെയ്ത സ്ഥലമാണ് ലേപാക്ഷി എന്നാണ് രാമായണത്തിലെ ആരണ്യകാണ്ഡത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. സീതാപഹരണത്തെക്കുറിച്ച് നിര്‍ണായകവിവരം നല്‍കിയ ജടായുവിന് രാമനാണ് മോക്ഷം നല്‍കിയതെന്നാണ് ഐതിഹ്യം. അക്കാരണത്താല്‍ ലേപാക്ഷിയ്ക്ക് രാമായണവുമായി സുപ്രധാന ബന്ധമാണുള്ളത്.

ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലായി രണ്ട് ദിവസം നീളുന്ന സന്ദര്‍ശനപരിപാടിയിലാണ് പ്രധാനമന്ത്രി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി എന്നിവ ഉള്‍പ്പെടെയുള്ള വികസനപദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍പ്പെടുന്നു. ബുധനാഴ്ച ഗുരുവായൂര്‍, തൃപ്രയാര്‍ ശ്രീ രാമസ്വാമി ക്ഷേത്രങ്ങളില്‍ മോദി സന്ദര്‍ശനം നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Top