എൽ കെ അദ്വാനിക്ക് ഇന്ന് ജന്മദിനം; നേരിട്ടെത്തി ആശംസകളറിയിച്ച് മോദിയും രാജ്നാഥ് സിം​ഗും

ഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് ഇന്ന് 96ാം ജന്മദിനം. പ്രധാനമന്ത്രി നരേന്ദ്രമോ​ദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗും അദ്ദേഹത്തെ വീട്ടിലെത്തി കണ്ട് ആശംസകളറിയിച്ചു. റോസാപ്പൂക്കളടങ്ങിയ ബൊക്കെ സമ്മാനിച്ചാണ് മോദി അദ്ദേഹത്തെ ആശംസകളറിയിച്ചത്. അരമണിക്കൂറോളം നേരം അദ്ദേഹം അദ്വാനിയുമായി ചെലവഴിച്ചു.

“ബഹുമാന്യനായ അദ്വാനിജിയുടെ വീട്ടിലെത്തി അദ്ദേഹത്തിന് ജന്മദിനാശംശകൾ നേർന്നു. അദ്ദേഹത്തിന്റെ ദീർഘായുസിനും ആയുരാരോ​ഗ്യത്തിനും ദൈവത്തോട് പ്രാർത്ഥിക്കുന്നു”. ചിത്രങ്ങൾ പങ്കുവച്ച് രാജ്നാഥ് സിം​ഗ് ട്വീറ്റ് ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹനീയവ്യക്തികളിലാരാളാണ് അദ്ദേഹം. രാജ്യത്തിന്റെയും സമൂഹത്തിന്റെയും പാർട്ടിയുടെയും വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണെന്നും രാജ്നാഥ് സിം​ഗ് കൂട്ടിച്ചേർത്തു.

1927ൽ ജനിച്ച ലാൽ കൃഷ്ണ അദ്വാനി ആർഎസ്എസിലൂടെയാണ് രാഷ്ട്രീയജീവിതം ആരംഭിച്ചത്. ബിജെപിയുടെ സ്ഥാപകനേതാക്കളിലൊരാളാണ് അദ്ദേഹം. 1998 മുതൽ 2004 വരെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു. 10, 14 ലോക്സഭകളിൽ പ്രതിപക്ഷനേതാവായിരുന്നു. ഈ പദവിയിൽ ഏറ്റവും കൂടുതൽ കാലമിരുന്ന നേതാവും അദ്ദേഹമാണ്. 2009ൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്നു.

Top