കാപിറ്റോള്‍ കലാപം; സമാധാനപരമായ അധികാര കൈമാറ്റം വേണമെന്ന് മോദി

ന്യൂഡല്‍ഹി: ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് കാപിറ്റോള്‍ മന്ദിരത്തില്‍ ഡോണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ നടത്തിയ ആക്രമണത്തിനെതിരെ അദ്ദേഹം ട്വീറ്റും ചെയ്തു. വാഷിങ്ടണില്‍ സമാധാനപരമായ അധികാരകൈമാറ്റം നടക്കണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നിയമവിരുദ്ധമായ പ്രതിഷേധം കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ അനുവദിക്കരുതെന്നും മോദി വ്യക്തമാക്കി.

യുഎസ് കാപിറ്റോള്‍ കെട്ടിടത്തിലെ ട്രംപ് അനുകൂലികളുടെ അക്രമം ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും ചേരുന്നതിനിടെയാണ് ട്രംപ് അനുകൂലികള്‍ സുരക്ഷാ വലയം ഭേദിച്ച് അകത്തുകയറി അക്രമം അഴിച്ചുവിട്ടത്. അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാപിറ്റോള്‍ കെട്ടിടത്തില്‍ നിന്ന് സ്ഫോടക വസ്തു കണ്ടെടുത്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

കണ്ണീര്‍വാതകം പ്രയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ തുരത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് യുഎസ് ഇരുസഭകളും നിര്‍ത്തിവെച്ചു. ബൈഡന്റെ വിജയം കോണ്‍ഗ്രസ് സമ്മേളത്തില്‍ അംഗീകരിക്കരുതെന്ന് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും റിപ്പബ്ലിക്കന്‍ നേതാവ് മൈക്ക് പെന്‍സ് തള്ളിയിരുന്നു.

Top