ആഗോളഭീകരതയെ ചെറുക്കാന്‍ ഇന്ത്യയും അമേരിക്കയും സഹകരിച്ച് പ്രവര്‍ത്തിക്കും

വാഷിംഗ്ടണ്‍: ആഗോളഭീകരതയെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇന്ത്യയും അമേരിക്കയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും.

ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. വൈറ്റ്ഹൗസിലെ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്തപ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യങ്ങള്‍ പറഞ്ഞത്. വൈറ്റ് ഹൗസിലെ ഓവല്‍ റൂമില്‍ നടന്ന കൂടിക്കാഴ്ചയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.

ട്രംപുമായുള്ള കൂടിക്കാഴ്ചയെ ഇന്ത്യ-യുഎസ് ബന്ധത്തിലെ ചരിത്രമുഹൂര്‍ത്തമെന്നാണ് മോദി വിശേഷിപ്പിച്ചത്. ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ യുഎസ് മുഖ്യപങ്കാളിയായിരിക്കും. സുരക്ഷാവെല്ലുവിളികളില്‍ ഇരുരാജ്യങ്ങളുടെയും സഹകരണങ്ങള്‍ പ്രധാനമാണ്.
അഫ്ഗാനിസ്ഥാനില്‍ സമാധാനം കൊണ്ടുവരുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ആ രാജ്യത്തെ പുനര്‍നിര്‍മിക്കുക എന്നത് ഞങ്ങളുടെ പ്രധാന പരിഗണനയിലുള്ള വിഷയമാണ്. അഫ്ഗാന്റെ അസ്ഥിരത ഇരുരാജ്യങ്ങളിലും ആശങ്ക ഉളവാക്കുന്നു. ഇക്കാര്യത്തില്‍ യുഎസ്സിന്റെ ഉപദേശവും സഹകരണവും ഇന്ത്യ തേടുന്നുണ്ട്. പതാകവാഹക പദ്ധതികളില്‍ ഇന്ത്യ യുഎസ്സിനെ നിര്‍ണായക പങ്കാളിയായി കാണുന്നുവെന്നും പ്രസ്താവനയില്‍ മോദി പറഞ്ഞു.

സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ മികച്ച പദ്ധതികളാണ് മോദി നടപ്പിലാക്കുന്നതെന്ന് അദേഹത്തെ പ്രശംസിച്ചു കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മോദിയെ പോലൊരു പ്രഗദ്ഭനായ പ്രധാനമന്ത്രിക്ക് ആതിഥേയം അരുളാനായത് വലിയ അംഗീകാരമാണ്. അമേരിക്കയുടെ പക്കല്‍ നിന്ന് ഇന്ത്യ സൈനികസാമഗ്രികള്‍ വാങ്ങാന്‍ തീരുമാനിച്ചതില്‍ ട്രംപ് നന്ദി അറിയിച്ചു.

ഭീകരവാദത്തെ തുടച്ചു നീക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിവിധ മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. അത് ഭാവിയില്‍ തുടരുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കും. അമേരിക്കന്‍ ഉത്പന്നങ്ങളും മറ്റും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള തടസങ്ങള്‍ നീക്കണമെന്നും വ്യാപാരക്കമ്മി കുറക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സാങ്കേതിക മേഖയലുടെ വളര്‍ച്ച, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയവ ഇരുരാജ്യങ്ങളും തമ്മിലുള്ളസഹകരണം മെച്ചപ്പെടുന്നതിലൂടെ അനായാസമായി സാധിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും, സമുദ്രവ്യാപാര മേഖലയിലെ സഹകരണം മെച്ചപ്പെടുത്തനുള്ള എല്ലാ നടപടികള്‍ക്കും ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മോദി അറിയിച്ചു. അഫ്ഗാന്‍ വിഷയവും തങ്ങള്‍ ചര്‍ച്ച ചെയ്തു. അഫ്ഗാനിലെ സുരക്ഷ സംബന്ധച്ച അമേരിക്കന്‍ നിലപാടുകള്‍ക്ക് പിന്തുണ നല്‍കും മോദി പറഞ്ഞു. തന്റെ അമേരിക്കന്‍ സന്ദര്‍ശനവും ചര്‍ച്ചകളും ഇന്ത്യ-അമേരിക്ക ബന്ധത്തിലെ സുപ്രധാന ഏടായി നിലനില്‍ക്കുമെന്നും ട്രംപുമായുള്ള ചര്‍ച്ച എല്ലാതരത്തിലും ഗുണപരമായിരുന്നു എന്നും മോദി കൂട്ടിച്ചേര്‍ത്തു.

അതിവേഗം വളരുന്ന സാമ്പത്തിക മേഖലയാണ് ഇന്ത്യയുടേതെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇന്ത്യയില്‍ ജിഎസ്ടി നടപ്പാക്കാന്‍ പോകുന്നതിനെ സംബന്ധിച്ച് പരാമര്‍ശിച്ച ട്രംപ് അത്തരം നികുതി സംബന്ധമായ പരിഷ്‌കാരങ്ങള്‍ അമേരിക്കയിലും ഉടന്‍ ഉണ്ടാകുമെന്ന് അറിയിച്ചു. ഇരുരാജ്യങ്ങളും ഒരു പോലെ നേരിടുന്ന പ്രശ്‌നമാണ് ഭീകരവാദം ഭീകരവാദത്തെ ഉന്മൂലനം ചെയ്യുന്നതിന് ഒരുമിച്ച് പോരാടും ട്രംപ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കുന്നതിന് വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ആഗോള സംരഭകത്വ പരിപാടികളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി, തന്റെ മകള്‍ ഇവാന്‍കയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവാന്‍ക ആ ക്ഷണം സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നേരത്തെ, വൈറ്റ്ഹൗസിലെത്തിയ പ്രധാനമന്ത്രിയെ ട്രംപും ഭാര്യ മെലാനിയയും ചേര്‍ന്ന് സ്വീകരിച്ചു. ട്രംപ് മോദി കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇരുവരും സംബന്ധിച്ച പ്രതിനിധിതല ചര്‍ച്ചകളും നടന്നു.

Top