Modi travelled to Pak with a valid visa, claims Sartaj Aziz

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും പാക്ക് സന്ദര്‍ശനം നടത്തിയത് വീസ ഇല്ലാതെയാണെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്.

72 മണിക്കൂര്‍ തങ്ങാന്‍ അനുവദിക്കുന്ന വീസ മോദിക്കും അദ്ദേഹത്തിന്റെ 11 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കിയതിനുശേഷമാണ് മോദിയും സംഘവും പാക്കിസ്ഥാനിലെത്തിയതെന്ന് സര്‍താജ് അസീസ് പറഞ്ഞു.

സംഘത്തിലെ മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാം വിമാനത്താവളത്തില്‍ തന്നെ ഉണ്ടായിരുന്നു. വീസ ഇല്ലാതെ ഒരു വിദേശിയെയും രാജ്യത്ത് സഞ്ചരിക്കാന്‍ അനുവദിക്കാറില്ലെന്നും സര്‍താജ് പറഞ്ഞു. മോദിയുടെ സന്ദര്‍ശനം പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും രാജ്യാന്തര സമൂഹത്തിലെയും നിരവധി പേര്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

ഇതുവരെ അഞ്ചുതവണയോളം നരേന്ദ്ര മോദിയും നവാസ് ഷെരീഫും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ലാഹോര്‍ കൂടിക്കാഴ്ചയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ കരുത്തും മുന്നോട്ടുള്ള ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ശക്തിയും പകരുമെന്നും അസീസ് പറഞ്ഞു.

Top