modi – Togadia issue ; RSS in trouble

ന്യൂഡല്‍ഹി : ഗോരക്ഷകര്‍ക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിഎച്ച്പി നിലപാട് കടുപ്പിച്ചതോടെ വെട്ടിലായി ആര്‍എസ്എസ്.

പരിവാര്‍ സംഘടനയായ വിഎച്ച്പി വര്‍ക്കിംങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയക്കെതിരെ കര്‍ശന നിലപാട് വേണമെന്ന് മോദിയും ബിജെപി നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് ആര്‍എസ്എസ് നേതൃത്വം.

വിഎച്ച്പി ഗോരക്ഷകര്‍ക്ക് പിന്‍തുണ നല്‍കി ഇങ്ങനെ മുന്നോട്ട് പോവുകയാണെങ്കില്‍ അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ്‌
നടക്കുന്ന സംസ്ഥാനങ്ങളില്‍ വലിയ തിരിച്ചടി പാര്‍ട്ടിക്ക് ഉണ്ടാവുമെന്നാണ് മോദിയും ബിജെപി കേന്ദ്ര നേതൃത്വവും ആര്‍എസ്എസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

ഗുജറാത്ത് , ഉത്തര്‍പ്രദേശ് , പഞ്ചാബ് തിരഞ്ഞെടുപ്പുകള്‍ ചൂണ്ടികാട്ടിയാണ് ഈ വിലയിരുത്തല്‍. ദളിത് വിഭാഗങ്ങള്‍ എതിരാവുന്നത് തിരിച്ചടിക്ക് കാരണമാവുമെന്ന് ചൂണ്ടികാട്ടിയ ബിജെപി നേതൃത്വം ഗുജറാത്തിലെ പട്ടേല്‍ വിഭാഗത്തിന്റെ പ്രക്ഷോഭത്തിന് പിന്നില്‍ തൊഗാഡിയയെയാണ് പ്രതികൂട്ടില്‍ നിര്‍ത്തുന്നത്.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തന്നെ അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകനായ തൊഗാഡിയ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനും പ്രതിസന്ധിയുണ്ടാക്കാന്‍ ശ്രമിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.

ഇരു നേതാക്കളും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ ആര്‍എസ്എസ് നേതൃത്വം നടത്തിയ മധ്യസ്ഥ ശ്രമവും ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുകയാണ്. വിഎച്ച്പി നേതൃത്വവുമായി ചര്‍ച്ച നടത്തണമെന്ന ആര്‍എസ്എസിന്റെ ഒത്തു തീര്‍പ്പ് നിര്‍ദേശം മോദി തള്ളികളയുകയായിരുന്നു.

ഇതിനുശേഷമാണ് രൂക്ഷ വിമര്‍ശനമുന്നയിച്ച് തൊഗാഡിയ രംഗത്തെത്തിയത്.

പാക്കിസ്ഥാനുമായും കാശ്മീരില്‍ പതാക ഉയര്‍ത്തുന്നവരുമായും ചര്‍ച്ചക്ക് തയ്യാറുള്ള പ്രധാനമന്ത്രി ഗോരക്ഷകരുമായി ചര്‍ച്ച നടത്തില്ലെന്ന് നിലപാടെടുത്തത് അംഗീകരിക്കാന്‍ കഴിയില്ലന്ന് പറഞ്ഞ അദ്ദേഹം മോദിയുടെ പരാമര്‍ശത്തിന്റെ അപമാനം സഹിക്കുന്നതിനേക്കാള്‍ ആത്മഹത്യ ചെയ്യുന്നതാണ് ഭേദമെന്ന് വ്യക്തമാക്കി വൈകാരികമായാണ് പ്രതികരിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിന്റെ പശ്ചാത്തലത്തില്‍ ഏതെങ്കിലും സംസ്ഥാനത്ത് ഗോരക്ഷകര്‍ക്കെതിരെ നടപടിയുണ്ടായാല്‍ നിയമസഹായം നല്‍കാനും അറസ്റ്റിലായവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാനും വിഎച്ച്പി തീരുമാനിച്ചിട്ടുണ്ട്.

ഗോരക്ഷകര്‍ക്കെതിരായ മോദിയുടെ നിലപാടിനോടുള്ള വെല്ലുവിളിയായാണ് തൊഗാഡിയയുടെ പ്രസ്താവനയെ ബിജെപി നേതൃത്വം കാണുന്നത്.

ദളിത് വോട്ടും ന്യൂനപക്ഷ വിഭാഗത്തിന്റെയും വോട്ട് ലഭിക്കുന്നതിനായി മോദി എടുത്ത നിലപാട് തീവ്ര നിലപാടുകാരായ സംഘപരിവാര്‍ അനുയായികള്‍ അംഗീകരിക്കാത്തത് സ്വന്തം പാളയത്തില്‍ നിന്ന് തന്നെ ‘ പണി ‘ കിട്ടുമോയെന്ന ആശങ്ക ബിജെപി നേതാക്കളിലും ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ ജനോപകാരപ്രദമായ പല നടപടികളും ജനങ്ങളിലെത്തിക്കാന്‍ പ്രവര്‍ത്തിക്കേണ്ട സംവിധാനങ്ങള്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെയും മോദിയെയും പ്രതികൂട്ടിലാക്കിയ സാഹചര്യത്തില്‍ ആര്‍എസ്എസ് നേതൃത്വത്തിന് അടിയന്തിര നടപടി സ്വീകരിക്കേണ്ട സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.

സംഘപരിവാറില്‍ ആര്‍എസ്എസ് കഴിഞ്ഞാല്‍ ഏറ്റവും ശക്തമായ അടിത്തറയുള്ള വിഭാഗമാണ് വിഎച്ച്പി. ബിജെപിക്ക് അധികാരത്തില്‍ വരാന്‍ ‘പാത’ വെട്ടിതെളിച്ചതില്‍ വിഎച്ച്പി പ്രവര്‍ത്തകരുടെ പങ്ക് ആര്‍എസ്എസ് പ്രവര്‍ത്തകരുടേത് പോലെ തന്നെ എടുത്ത് പറയേണ്ടത് തന്നെയാണ്.

ഉത്തരേന്ത്യയില്‍ നല്ലൊരു വിഭാഗം സന്യാസികളും വിഎച്ച്പിയുടെ ഭാഗമായി സജീവമാണ്.

യുപി തിരെഞ്ഞടുപ്പിന് മുന്‍പ് അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച വിഷയം വീണ്ടും സജീവമാക്കി നിര്‍ത്താന്‍ വിഎച്ച്പി തീരുമാനിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ഗോ രക്ഷാ വിവാദവും , മോദിയും വിഎച്ച്പി നേതൃത്വവുമായുള്ള ഏറ്റുമുട്ടലും തുടങ്ങിയതെന്നതും ശ്രദ്ധേയമാണ്.

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വന്‍ വിജയം നേടേണ്ടത് ബിജെപിയെ സംബന്ധിച്ച് കേന്ദ്രത്തിലെ ഭരണ തുടര്‍ച്ചക്കും അനിവാര്യമാണ്.

ഇവിടങ്ങളില്‍ അടിപതറിയാല്‍ അത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ചേരിക്ക് കരുത്തും ആത്മവിശ്വാസവും നല്‍കുമെന്ന് ഏറ്റവും അധികം അറിയാവുന്നതും മോദിക്ക് തന്നെയാണ്.

സര്‍ക്കാരിന്റെ പ്രതിച്ഛായയേക്കാള്‍ രാജ്യത്തിന്റെ പ്രതിച്ഛായയാണ് പ്രധാനമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയതും ഈ ‘ദിശാ ബോധം’ ഉള്‍ക്കൊണ്ടു കൂടിയാണ്.

Top