ഇത്തവണയും ദീപാവലി സൈന്യത്തിനൊപ്പം ആഘോഷിക്കാന്‍ മോദി

ന്യൂഡല്‍ഹി: ഇത്തവണയും ദീപാവലി സൈന്യത്തിനൊപ്പം ആഘോഷിക്കാന്‍ മോദി. ജി 20, കാലാവസ്ഥ ഉച്ചകോടി എന്നിവയില്‍ പങ്കെടുത്ത് അഞ്ചു ദിവസത്തെ വിദേശ പര്യടനം കഴിഞ്ഞ് ഇന്ന് രാജ്യത്ത് തിരികെ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിക്കാന്‍ ജമ്മു കാശ്മീരിലേക്ക് പോകും.

ജമ്മു കശ്മീരിലെ രജൗരിയിലെ അതിര്‍ത്തി ഔട്ട്‌പോസ്റ്റുകളില്‍ സൈനികര്‍ക്കൊപ്പമാവും അദ്ദേഹം ദീപാവലി ആഘോഷിക്കുന്നത്. നവംബര്‍ നാല് വ്യാഴാഴ്ചയാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം. പ്രധാനമന്ത്രിയെ വരവേല്‍ക്കുവാനായി രജൗരിയിലെ നൗഷേര സെക്ടറിന്റെ ഫോര്‍വേഡ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദീപാവലി ആഘോഷിക്കുന്നതിനൊപ്പം അതിര്‍ത്തിയിലെ ഔട്ട്‌പോസ്റ്റുകള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്നും പ്രതീക്ഷിക്കുന്നു.

2014ല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് മുതല്‍ ദീപാവലി ദിനത്തില്‍ അതിര്‍ത്തിയിലെ ഔട്ട്‌പോസ്റ്റുകളിലെ സ്ഥിരം സന്ദര്‍ശകനാണ് മോദി. ജവാന്മാര്‍ക്ക് മധുരപലഹാരങ്ങളും മറ്റ് സമ്മാനങ്ങളുമായിട്ടാണ് അദ്ദേഹം സന്ദര്‍ശനം നടത്തുന്നത്. 2019ലും മോദി രജൗരിയിലാണ് ദീപാവലി ആഘോഷിച്ചതെന്ന പ്രത്യേകതയുമുണ്ട്.

Top