modi statement about jammukashmir issue

ശ്രീനഗര്‍: സംഘര്‍ഷാവസ്ഥ തുടരുന്ന ജമ്മു കശ്മീരിന് ആവശ്യം വിശ്വാസവും വികസനവുമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിനു വികസനം ആവശ്യമാണ്.

അവിടെയുള്ള ജനങ്ങള്‍ക്കു വിശ്വാസവും. ഒരു തരത്തിലുള്ള കുറവും വിശ്വാസത്തിന്റെ കാര്യത്തില്‍ വരുത്താന്‍ രാജ്യത്തെ 125 കോടി ജനങ്ങള്‍ അനുവദിക്കില്ല. നമുക്കു വികസനത്തിന്റെയും വിശ്വാസത്തിന്റെയും പാതയിലൂടെ മുന്നോട്ടുപോകാമെന്നും സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

സര്‍വകക്ഷി സംഘം കശ്മീര്‍ സന്ദര്‍ശനം നടത്താനിരിക്കെയാണു മോദിയുടെ പരാമര്‍ശം. തെറ്റായ പ്രവണതകളിലേക്കു കശ്മീരിലെ യുവാക്കള്‍ പോകില്ലെന്ന് എനിക്കു വിശ്വാസമുണ്ട്.

നമ്മളെല്ലാം ഒരുമിച്ചു സമാധാനത്തോടെയും ഐക്യത്തോടെയും മുമ്പോട്ടു പോയാല്‍ കശ്മീരിനെ സ്വര്‍ഗമായി നിലനിര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണു കശ്മീരില്‍ സംഘര്‍ഷം ഉടലെടുത്തത്. പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ ഇതുവരെ എഴുപതോളം പേര്‍ക്കാണു ജീവന്‍ നഷ്ടമായത്. ഇതോടെയാണു സമാധാന ചര്‍ച്ചകള്‍ക്കായി മേഖലയിലേക്കു സര്‍വകക്ഷി സംഘത്തെ അയയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

Top