‘സ്വന്തം രാജ്യം ഭരിക്കാനറിയാത്തവര്‍ കശ്മീരിനായി വാദിക്കുന്നു; പാകിസ്ഥാനെ കടന്നാക്രമിച്ച്‌ മോദി

ഹൂസ്റ്റണ്‍ : ‘ഹൗഡി മോദി’ പുതു ചരിത്രം കുറിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം വേദി പങ്കിട്ടതിന് ശേഷം ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പാകിസ്ഥാന്‍ വിദ്വേഷം വളര്‍ത്തുന്നവരും ഭീകരവാദത്തിന് അഭയം നല്‍കുന്നവരുമാണ്. ഭീകരവാദത്തിനെതിരെ നിര്‍ണായക നടപടിക്ക് സമയമായി. ട്രംപ് ഈ നിര്‍ണായക നീക്കത്തില്‍ ഉറച്ചുനില്‍ക്കുന്നതായും മോദി പറഞ്ഞു.

പാക് പ്രധാന്മന്ത്രിയെ പരിഹസിച്ച് കൊണ്ടും പ്രധാനമന്ത്രി രംഗത്തെത്തി. സ്വന്തം രാജ്യം നേരെ നടത്താന്‍ കഴിയാത്തവരാണ് കാശ്മീരിന് വേണ്ടി വാദിക്കുന്നതെന്നും മോദി പ്രസംഗത്തില്‍ വ്യക്തമാക്കി.

ജമ്മു കശ്മീരിലെ ജനങ്ങളെ 370ആം അനുച്ഛേദം വഞ്ചിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുള്ള അധികാരം ജമ്മുകശ്മീരിനും നല്‍കി, രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ട് കൂടി മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനായെന്നും പ്രധാനമന്ത്രി അറിയിച്ചു.

ട്രംപ് വിശ്വപ്രസിദ്ധനും ജനകീയനുമാണെന്നും മോദി അഭിപ്രായപ്പെട്ടു. ട്രംപിന്റെ നേതൃപാടവത്തോട് ആരാധനയാണെന്ന് മോദി പറഞ്ഞു. അബ് കീ ബാർ ട്രംപ് സർക്കാർ എന്നായിരുന്നു മോദിയുടെ പരാമർശനം.

സമ്മേളനത്തില്‍ ട്രംപിന്റെ സാന്നിധ്യം ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ആഴത്തിന് സാക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡോണള്‍ഡ് ട്രംപ് ഒരിക്കല്‍ കൂടി അമേരിക്കന്‍ പ്രസിഡന്റ് ആകണമെന്നും അദ്ദേഹം പറഞ്ഞു. ‘അടുത്ത തവണയും ട്രംപ് ‘എന്ന വാചകം മോദി ആവര്‍ത്തിച്ചു.

ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ്. വികസനമാണ് ഇന്ത്യയിലെ ഏറ്റവും വലിയ മന്ത്രം. ഡോണൾഡ് ട്രംപിന്റെ അഭിനന്ദനങ്ങൾ കഠിനാധ്വാനത്തിനുള്ളതാണെന്നും നേട്ടങ്ങൾ സങ്കൽപങ്ങൾക്കുമപ്പുറമാണെന്നും മോദി വ്യക്തമാക്കി.

ഇരു നേതാക്കളുടേയും സംഗമം ലോകരാഷ്ട്രങ്ങള്‍ക്ക് അത്ഭുതമായി. വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളോടെയാണ് ചടങ്ങു തുടങ്ങിയത്. അരലക്ഷത്തിലേറെ ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന ‘ഹൗഡി മോദി’ സംഗമം ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ചടങ്ങില്‍ യുഎസ് പ്രസിഡന്റിന്റെ സാന്നിധ്യം ആവേശം ഇരട്ടിയാക്കിയിട്ടിട്ടുണ്ട്. ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ടും ഡോലക് കൊട്ടി ആഘോഷിച്ചുമാണ് ടെക്‌സസിലെ ഇന്ത്യന്‍ വംശജര്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്.

Top