പാക്കിസ്ഥാനെ കീഴ്‌പ്പെടുത്തുന്നതില്‍ ഇന്ദിര വഹിച്ച പങ്ക് മോദി മറക്കരുത്

രാഷ്ട്രീയപരമായ ഭിന്നത നിലനിര്‍ത്തുമ്പോഴും ചില കാര്യങ്ങളില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിലപാടുകള്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയുന്നതല്ല. അതില്‍ പ്രധാനം ബംഗ്ലാദേശ് വിമോചന യുദ്ധമാണ്. പാക്കിസ്ഥാനുമേല്‍ ഇന്ത്യ നേടിയ ആധികാരിക ജയം കൂടി ആയിരുന്നു അത്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയും മറന്നു പോകരുത്. ബംഗ്ലാദേശ് വിമോചന യുദ്ധ വിജയത്തിന്റെ 50ാം വാര്‍ഷികത്തില്‍ തീര്‍ച്ചയായും ഓര്‍മ്മിക്കപ്പെടേണ്ട വ്യക്തിത്വം തന്നെയാണ് ഇന്ദിരയുടേത്. പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യയുടെ ശക്തി ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടിയ ഇന്ദിരാഗാന്ധിയെ വിസ്മരിച്ച നരേന്ദ്രമോദിയുടെ നടപടി ഒരിക്കലും അംഗീകരിക്കുവാന്‍ കഴിയുന്നതല്ല.

ഇന്ദിരാഗാന്ധിയുടെ ഇഛാശക്തിയും പോരാട്ടവീര്യവും തന്നെയാണ് പാക്കിസ്ഥാനുമേല്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചതിന്റെ പ്രധാന ഘടകം. സൈന്യത്തിന് ആവേശമായതും ഈ ശക്തമായ പിന്തുണ തന്നെയാണ്. ഇന്ദിരയുടെ ഈ പോരാട്ട വീര്യം കണ്ടാണ് അടല്‍ ബിഹാരി വാജ്‌പേയി പോലും ശക്തമായ പിന്തുണ ഇന്ദിരക്ക് നല്‍കിയിരുന്നത്. ‘ഇന്ത്യയുടെ ദുര്‍ഗാദേവി’ എന്നാണ്. അന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ അടല്‍ ബിഹാരി വാജ്‌പേയി ഇന്ദിരയെ വിശേഷിപ്പിച്ചിരുന്നത്. ‘താന്‍ ദുര്‍ഗാദേവിയല്ലെന്നും ഇന്ദിര മാത്രമാണെന്നും അങ്ങനെ തന്നെ തുടരുമെന്നും” ആയിരുന്നു വാജ്‌പേയിക്ക് ഇന്ദിരാഗാന്ധി നല്‍കിയിരുന്ന മറുപടി. ഇതും വാജ്‌പേയിയുടെ അഭിനവ അനുയായികള്‍ ഓര്‍ക്കുന്നത് നല്ലതാണ്.

ഇന്ത്യയുടെ സമാധാനനിലപാടുകളെ തകര്‍ത്ത് 1962ല്‍ ചൈനീസ് സേനയുടെ കടന്നാക്രമണത്തില്‍ അടിപതറിയ ഇന്ത്യയെ അല്ല 1971ല്‍ ലോകം കണ്ടിരുന്നത്. 10വര്‍ഷം കൊണ്ടു തന്നെ ഇന്ത്യ, ലോകത്തെ പ്രധാന സൈനിക ശക്തിയായി വളരുകയാണുണ്ടായത്. ശത്രു രാജ്യമായ പാക്കിസ്ഥാന് ലോകപോലീസായ അമേരിക്കയുടെയും ചൈനയുടെയും ശക്തമായ പിന്തുണയുണ്ടായിട്ടും അതിനെ പ്രതിരോധിക്കാന്‍ മികച്ച നയതന്ത്ര ബന്ധത്തിലൂടെ ഇന്ദിരക്ക് സാധിച്ചിട്ടുണ്ട്. സോവിയറ്റ് റഷ്യയുടെ അടക്കം പിന്തുണ തേടി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയ ചടുലമായ നീക്കങ്ങളും ഇച്ഛാശക്തിയുള്ള നിലപാടുകളുമാണ് പാക്കിസ്ഥാനു മേല്‍ ഇന്ത്യക്ക് യുദ്ധ വിജയം സമ്മാനിച്ചിരുന്നത്.

ബ്രിട്ടീഷുകാര്‍ സമ്പത്ത് കൊള്ളയടിച്ച് ദരിദ്രമാക്കിയ ഇന്ത്യയാണ് 1947ല്‍ സ്വതന്ത്രമാക്കപ്പെട്ടിരുന്നത്. ജനങ്ങളുടെ പട്ടിണിയകറ്റാനും വ്യവസായ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനുമാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു ശ്രമിച്ചിരുന്നത്. നയതന്ത്രരംഗത്ത് അമേരിക്കയുടെയും റഷ്യയുടെയും ചേരിയില്‍ചേരാതെ ”ചേരിചേരാ പ്രസ്ഥാനമുണ്ടാക്കി’ സമാധാനപാതയിലൂടെയാണ് ഇന്ത്യ സഞ്ചരിച്ചിരുന്നത്. എന്നാല്‍ 1962ല്‍ ചൈന നടത്തിയ യുദ്ധം ഇന്ത്യയെ വല്ലാതെ തളര്‍ത്തുകയാണ് ഉണ്ടായത്. 1965ല്‍ പാക്കിസ്ഥാനുമായുണ്ടായ യുദ്ധമാകട്ടെ ഏറെക്കുറേ സമനിലയിലുമാണ് പിരിഞ്ഞിരുന്നത്. ഈ അനുഭവങ്ങളില്‍ നിന്നും കരുത്തുള്‍ക്കൊണ്ടാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ 1971ല്‍ പാക്കിസ്ഥാനെതിരെ യുദ്ധം ആരംഭിച്ചിരുന്നത്.

ഇന്ദിരയുടെ നേതൃത്വത്തില്‍ രാഷ്ട്രീയവും നയതന്ത്രവുമായ ഇടപെടലുകള്‍ നടത്തിയപ്പോള്‍ കരസേനാ മേധാവി ജനറല്‍ മനേക് ഷായുടെ നേതൃത്വത്തിലാണ് സൈനിക ഒരുക്കങ്ങള്‍ എല്ലാം നടന്നിരുന്നത്. അന്ന് പാക്കിസ്ഥാന്‍ ഭൂമിശാസ്ത്രപരമായി മാത്രമല്ല മാനസികമായും കിഴക്കന്‍പാക്കിസ്ഥാനും പടിഞ്ഞാറന്‍ പാക്കിസ്ഥാനുമായി രണ്ടായി തന്നെ മാറിയിരുന്നു. കാര്‍ഷിക, വ്യാവസായിക ഉല്‍പാദനത്തില്‍ ഇന്ന് ബംഗ്ലാദേശെന്നറിയപ്പെടുന്ന കിഴക്കന്‍ പാക്കിസ്ഥാനാണ് മുന്നിലെങ്കില്‍ സാമ്പത്തിക വികസനം പടിഞ്ഞാറായിരുന്നു ഉണ്ടായിരുന്നത്. 1970ല്‍ പാക്കിസ്ഥാനിലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പില്‍ കിഴക്കന്‍പാക്കിസ്ഥാനിലെ 169 സീറ്റുകളില്‍ 167 സീറ്റും ഷെയ്ഖ് മുജീബ്‌റഹ്മാന്റെ നേതൃത്വത്തിലുള്ള അവാമി ലീഗാണ് സ്വന്തമാക്കിയിരുന്നത്. ഇതോടെ 313 സീറ്റുള്ള ദേശീയ അസംബ്ലിയില്‍ ഇവര്‍ക്ക് ഭൂരിപക്ഷവും നഷ്ടപ്പെടുകയുണ്ടായി.

എന്നാല്‍ ജനറല്‍ യഹ്യഖാന്റെ നേതൃത്വത്തിലുള്ള പാക് സൈനിക ഭരണകൂടം ഈ ജനവിധി അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. അവര്‍ സൈന്യത്തെ രംഗത്തിറക്കി കിഴക്കന്‍പാക്കിസ്ഥാനില്‍ കൂട്ടക്കൊലകളും അടിച്ചമര്‍ത്തലുകളും വ്യാപകമായി നടത്തുകയാണ് ഉണ്ടായത്. ഈ സമയമെല്ലാം ഇന്ത്യയെ സംബന്ധിച്ച് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. പാക്കിസ്ഥാന് ആയുധങ്ങളും മറ്റു സഹായങ്ങളും നല്‍കിയിരുന്നത് അമേരിക്കയും ചൈനയുമായിരുന്നു. ഇത് പാക്ക് സൈനിക നേതൃത്വത്തിനു നല്‍കിയ ആവേശവും വളരെ വലുതായിരുന്നു. എന്നാല്‍ 1971ലെ ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പിനു ശേഷം കാര്യങ്ങള്‍ എല്ലാം മാറി മറിയുകയാണ് ഉണ്ടായത്.

മാര്‍ച്ച് 18ന് ഇന്ദിരാഗാന്ധി വീണ്ടും പ്രധാനമന്ത്രിയായതോടെ പാക്കിസ്ഥാന്റെ ക്രൂരതകള്‍ക്ക് തിരിച്ചടി നല്‍കാനുള്ള നീക്കങ്ങളും ശക്തമാക്കുകയുണ്ടായി. പാക്കിസ്ഥാനെതിരായുള്ള സൈനികനീക്കത്തിന് ജനറല്‍ മനേക് ഷായ്ക്ക് സമയം കൊടുത്ത ഇന്ദിര ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് ശരവേഗത്തില്‍ പറന്നിരുന്നത്. കിഴക്കന്‍ പാക്കിസ്ഥാനില്‍ പാക്കിസ്ഥാന്‍ നടത്തുന്ന അതിക്രമങ്ങളും ക്രൂരതകളും ചര്‍ച്ചയാക്കാനാണ് ഈ സന്ദര്‍ശനങ്ങളെ ഇന്ദിരാഗാന്ധി ഉപയോഗപ്പെടുത്തിയിരുന്നത്. പാക്കിസ്ഥാനെ പൂര്‍ണമായും പിന്തുണച്ചിരുന്ന അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണെ സന്ദര്‍ശിച്ച ഇന്ദിരാഗാന്ധി അമേരിക്കന്‍ നിലപാടിനെതിരെ പരസ്യപ്രസ്താവന നടത്താനും ചങ്കൂറ്റം കാട്ടുകയുണ്ടായി. അമേരിക്കന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ പ്രാധാന്യത്തോടെയാണ് ഇന്ദിരയുടെ ഈ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

പാക്കിസ്ഥാനെ പിന്തുണക്കുന്ന അമേരിക്കയെയും ചൈനയെയും നിലക്കുനിര്‍ത്താന്‍ വന്‍സൈനിക ശക്തിയായ സോവിയറ്റ് റഷ്യയുമായി സൈനിക ഉടമ്പടിയുണ്ടാക്കിയും ഇന്ദിര പിന്നീട് ലോകത്തെ ഞെട്ടിച്ചു. ഇതോടെ ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്രതലത്തില്‍ തന്നെ ശക്തമായ ഇടപെടലുമായി സോവിയറ്റ് യൂണിയന്‍ രംഗത്തിറങ്ങിയതും ലോകം കണ്ട കാഴ്ചയാണ്. ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കെതിരെ ഉയര്‍ന്ന പ്രമേയങ്ങള്‍ ഓരോന്നായി സോവിയറ്റ് റഷ്യയാണ് വീറ്റോ ചെയ്തിരുന്നത്

പാക്കിസ്ഥാനെ സഹായിക്കാന്‍ ഇന്ത്യന്‍ അതിര്‍ത്തി ആക്രമിക്കുവാന്‍ ചൈന തയ്യാറെടുത്തപ്പോള്‍ വന്‍ സൈനിക സന്നാഹത്തെ ചൈനീസ് അതിര്‍ത്തിയിലേക്കയച്ചാണ് റഷ്യ ഇന്ത്യയെ സഹായിക്കാനെത്തിയിരുന്നത്. ഇതോടെയാണ് ചൈന ഭയന്ന് പിന്‍മാറുന്ന സാഹചര്യമുണ്ടായത്. പാക്കിസ്ഥാന് അമേരിക്ക നല്‍കിയ ആയുധങ്ങളെ കവച്ചുവെക്കുന്ന തരത്തിലുള്ള ആധുനിക ആയുധങ്ങളും വിമാനങ്ങളും കവചിത വാഹനങ്ങളുമെല്ലാം റഷ്യ ഇന്ത്യക്കു കൈമാറിയതും അമേരിക്കയെ ഞെട്ടിച്ച സംഭവമാണ്.

മികച്ച മുന്നൊരുക്കത്തോടെയാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ യുദ്ധമാരംഭിച്ചിരുന്നത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രതിരോധ മന്ത്രി ജഗ്ജീവന്‍ രാം, വിദേശകാര്യ മന്ത്രി സ്വരണ്‍സിങ്, കരസേനാ മേധാവി ജനറല്‍ സാം മനേക് ഷാ, വ്യോമ സേനാമേധാവി എയര്‍ ചീഫ് മാര്‍ഷല്‍ പ്രതാപ് ചന്ദ്രലാല്‍, നാവികസേനാ മേധാവി അഡ്മിറല്‍ എസ്.എം നന്ദ എന്നിവരെല്ലാം ഒറ്റ മനസോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്.
ലോകയുദ്ധ ചരിത്രത്തില്‍ തന്നെ ‘പെര്‍ഫക്ട് വാര്‍’ എന്ന വിശേഷിപ്പിക്കുന്ന ഇന്ത്യാ പാക് യുദ്ധം കേവലം 13 ദിവസം കൊണ്ടാണ് ഇന്ത്യ അവസാനിപ്പിച്ചിരുന്നത്. പാക്കിസ്ഥാന് മാത്രമല്ല ചൈനക്കും അമേരിക്കക്കും കിട്ടിയ വലിയ പ്രഹരമായിരുന്നു അത്.

പാക്കിസ്ഥാനെ സഹായിക്കാന്‍ അമേരിക്ക കപ്പല്‍പ്പടയെ അയച്ചപ്പോള്‍ അതിനെ നേരിടാന്‍ റഷ്യന്‍ പടക്കപ്പലുകളും ആണവ അന്തര്‍വാഹിനികളുമാണ് അണി നിരന്നിരുന്നത്. ആണവ മിസൈലുകള്‍ വരെ റഷ്യ അമേരിക്കക്കെതിരെ തയ്യാറാക്കി നിര്‍ത്തി എന്നതും ലോകം കണ്ട കാഴ്ചകളാണ്. ഇതോടെയാണ് അമേരിക്ക പിന്‍മാറുവാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നത്. 1971 ഡിസംബര്‍ 3ന് ആരംഭിച്ച യുദ്ധം പാക്കിസ്ഥാന്‍ കീഴടങ്ങിയതോടെ ഡിസംബര്‍ 16നാണ് അവസാനിച്ചിരുന്നത്. അന്നു ധാക്കയില്‍ പാറി പറന്നത് ഇന്ത്യയുടെ ത്രിവര്‍ണ പതാകയാണ്. ജനറല്‍ അമീര്‍ അബ്ദുള്ളഖാന്‍ നിയാസിയുടെ നേതൃത്വത്തില്‍ 93,000 പാക് സൈനികരാണ് ഇന്ത്യന്‍ സേനക്ക് മുന്നില്‍ കീഴടങ്ങിയിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ കീഴടങ്ങലായിരുന്നു അത്. ജനറല്‍ നിയാസി കീഴടങ്ങള്‍ രേഖയില്‍ ഒപ്പുവെച്ചതോടെ ഇന്ദിരാഗാന്ധി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യപ്രഖ്യാപനവും നടത്തുകയുണ്ടായി.

യുദ്ധം ജയിച്ച് പിടിച്ചെടുത്ത ബംഗ്ലാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാതെ അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കി ജനാധിപത്യ ഭരണകൂടം സ്ഥാപിക്കാന്‍ അവസരം നല്‍കിയതും ഇന്ദിരയാണ്. ഇന്ത്യയുടെയും ഒപ്പം ഇന്ദിരാഗാന്ധിയുടെയും മഹത്വമാണ് ഇതോടെ ലോകം തിരിച്ചറിഞ്ഞിരുന്നത്. ആക്രമിച്ച് പ്രദേശങ്ങള്‍ പിടിച്ചെടുക്കുക എന്നത് ഒരിക്കലും ഇന്ത്യ സ്വീകരിച്ചിരുന്ന നയമല്ല. മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയെ വ്യത്യസ്തമാക്കുന്നതും ഈ നിലപാടു തന്നെയാണ്.

ഖാലിസ്ഥാന്‍ തീവ്രവാദം ഉയര്‍ത്തി രാജ്യത്തിന്റെ അഖണ്ഡതക്ക് പോലും ഭീഷണി ഉയര്‍ത്തി സുവര്‍ണക്ഷേത്രത്തില്‍ തീവ്രവാദികള്‍ തമ്പടിച്ചപ്പോള്‍ ”ബ്ലൂസ്റ്റാര്‍ ഓപ്പറേഷനിലൂടെ’ ആ നീക്കംപൊളിച്ചതും ഇന്ദിരാഗാന്ധിയുടെ ഇടപെടല്‍ മൂലമാണ്. അതിനു പക്ഷേ അവര്‍ക്കു നല്‍കേണ്ടി വന്നതാകട്ടെ സ്വന്തം ജീവന്‍ തന്നെയാണ്. അംഗരക്ഷകരുടെ വെടിയുണ്ടയേറ്റ് പിടഞ്ഞു വീണ ഇന്ദിര ഇന്ത്യക്കു വേണ്ടിയാണ് രക്തസാക്ഷിത്വം വരിച്ചിരിക്കുന്നത്. ഈ ചരിത്രവും പ്രധാനമന്ത്രി നരേന്ദ്രമോദി മറന്നു പോകരുത്. ബംഗ്ലാദേശ് വിമോചന യുദ്ധ വിജയത്തില്‍ ഇന്ദിരാഗാന്ധിയുടെ പങ്ക് തമസ്‌ക്കരിക്കുന്നതിലൂടെ കാലത്തെയും ചരിത്രത്തെയുമാണ് മോദി ഇപ്പോള്‍ നിഷേധിച്ചിരിക്കുന്നത്. രാഷ്ട്രീയത്തില്‍ പകയാവാം പക്ഷേ ചരിത്രത്തോട് പക അരുത്. അതെന്തായാലും പറയാതിരിക്കാന്‍ കഴിയുകയില്ല.

EXPRESS KERALA VIEW

Top