കോവിഡ്; പ്രതിരോധശേഷി കൂട്ടാന്‍ ഇന്ത്യയുടെ പാരമ്പര്യ വൈദ്യം സഹായിച്ചെന്ന് മോദി

ഗാന്ധിനഗര്‍: കോവിഡ് വാക്‌സിനോ മരുന്നോ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ പ്രതിരോധശേഷി കൂട്ടാന്‍ ഇന്ത്യയുടെ പാരമ്പര്യവൈദ്യം സഹായിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരെ പ്രതിവിധി ഇല്ലാതിരിക്കുന്ന പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയുടെ പാരമ്പര്യ വൈദ്യരീതികളായ മഞ്ഞള്‍, പാല്‍, കഡ തുടങ്ങിയവ പ്രതിരോധശേഷി കൂട്ടുന്നതായി തെളിഞ്ഞിട്ടുണ്ട്. സമ്പന്നമായ പാരമ്പര്യ അറിവ് ആധുനിക ആരോഗ്യ സംവിധാനവുമായി ചേര്‍ക്കുന്നതു പ്രധാനപ്പെട്ടതാണ്.

ഇതുള്‍ക്കൊണ്ടാണ് ഇന്ത്യയുടെ ആരോഗ്യനയത്തില്‍ ആയുര്‍വേദത്തിനു പ്രഥമ പരിഗണന നല്‍കിയത്. പുതിയ വിദ്യാഭ്യാസനയത്തില്‍ ആധുനിക അലോപ്പതി സിലബസില്‍ അടിസ്ഥാന ആയുര്‍വേദവും തിരിച്ചും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആഗോള സൗഖ്യത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറുമെന്നാണു വിശ്വാസമെന്നും മോദി പറഞ്ഞു.

21-ാം നൂറ്റാണ്ടില്‍ ആരോഗ്യ വെല്ലുവിളികളെ സമഗ്രമായി നേരിട്ടാണു പരിഹാരം കാണേണ്ടത്. ഇതോടൊപ്പം ശുചിത്വം, ശുദ്ധജലം, പുകരഹിത പാചകം തുടങ്ങിയ കാര്യങ്ങളിലും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നു. രാജ്യത്ത് 1.5 ലക്ഷത്തിലേറെ ആരോഗ്യ-സൗഖ്യ കേന്ദ്രങ്ങള്‍ തുറക്കുന്നതില്‍ 12,500ലേറെ എണ്ണം ആയുര്‍വേദത്തിനു മാത്രമുള്ളതാണ്. ആഗോളതലത്തില്‍ ആയുര്‍വേദം കൂടുതല്‍ ശ്രദ്ധ നേടുന്നു. പാരമ്പര്യ വൈദ്യത്തിന്റെ ആഗോള കേന്ദ്രമായി ഇന്ത്യയെയാണു ലോകാരോഗ്യ സംഘടന തിരഞ്ഞെടുത്തതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

Top