ബിഹാറില്‍ യുവരാജാക്കന്മാരുടെ സഖ്യം ജനം തള്ളുമെന്ന് മോദി

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മഹാസഖ്യത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാട്ടുഭരണത്തിന്റെ യുവരാജാവ് മറ്റൊരു യുവരാജാവുമായുണ്ടാക്കിയ സഖ്യം ജനം തള്ളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആദ്യഘട്ട റാലികളില്‍ ദേശീയതയും, തീവ്രവാദവുമുള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയ പ്രധാനമന്ത്രി ബിഹാറിനെ മാത്രം കേന്ദ്രീകരിച്ചാണ് ഇന്ന് സംസാരിച്ചത്. വികസനമെന്ത് എന്നത് ബിഹാര്‍ അറിഞ്ഞത് എന്‍ഡിഎ അധികാരത്തിലേറിയതോടെയാണെന്ന് മോദി അവകാശപ്പെട്ടു. നിതീഷ് കുമാറിന് വോട്ട് ചെയ്താല്‍ ഈ ദുരിത കാലത്ത് വിഷമിക്കേണ്ടി വരില്ല. പ്രതിപക്ഷത്തിന് ബിഹാര്‍ എന്തെന്ന് ഇനിയും മനസിലായിട്ടില്ലെന്നും മോദി പരിഹസിച്ചു.

കാട്ടുഭരണത്തിന്റെ യുവരാജാവെന്ന് തേജസ്വിയെ സംബോധന ചെയ്ത മോദി കോണ്‍ഗ്രസുമായുള്ള സഖ്യത്തെയും അപലപിച്ചു. ബിഹാറില്‍ ഇരട്ട യുവരാജാക്കന്മാര്‍. അതിലൊരാള്‍ പഴയ കാട്ടുഭരണത്തിന്റെ യുവരാജാവാണ്. ഈ യുവരാജാക്കന്മാര്‍ക്ക് ബിഹാറില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ മഹാസഖ്യത്തിന്റെ ആത്മവിശ്വാസം കൂടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രധാനമന്ത്രി വീണ്ടും റാലികളെ അഭിസംബോധന ചെയ്യുന്നത്.

Top