modi sacrifices farmers life through demonitisation; rahul gandi

rahul-gandi

ന്യൂഡല്‍ഹി :രാജ്യത്ത് നോട്ട് അസാധുവാക്കിയതിലൂടെ മോദി രാജ്യത്തെ കര്‍ഷകരുടെ ജീവന്‍ ബലികഴിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

‘നിങ്ങള്‍ അവരുടെ പണത്തെ വെറും ചാരമാക്കി ചുരുക്കിയെന്നും’ രാഹുല്‍ കുറ്റപ്പെടുത്തി. രാജസ്ഥാനിലെ ബാരനില്‍ നടന്ന റാലിയിലാണ് രാഹുല്‍ മോദിക്കെതിരെയും നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനെതിരെയും ആഞ്ഞടിച്ചത്.

‘കര്‍ഷക ആത്മഹത്യ നിത്യേന നടന്നു കൊണ്ടിരിക്കുമ്പോഴും സര്‍ക്കാര്‍ അത് കണ്ടഭാവം നടിക്കുന്നില്ല. കോണ്‍ഗ്രസ്സ് കര്‍ഷകരെ സംരക്ഷിക്കാന്‍ ശ്രമിച്ചപ്പാള്‍ അവരില്‍ നിന്ന് ഭൂമി കൈകലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്’ രാഹുല്‍ ആരോപിച്ചു.

ബിജെപി ഭരണത്തിലിരിക്കുന്ന മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും അവകാശപ്പെട്ട ഭൂമി സര്‍ക്കാര്‍ കൈക്കലാക്കി.

ഭൂമിക്ക് ശരിയായ വില നല്‍കാനുതകുന്ന ഭൂമി ഏറ്റെടുക്കല്‍ ബില്ല് കോണ്‍ഗ്രസ്സ് അവതരിപ്പിച്ചപ്പോള്‍ ഓര്‍ഡിനന്‍സിലൂടെ അതിനെ മൂന്ന് തവണ മോദി തടഞ്ഞുവെന്നും രാഹുല്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ കല്‍പനകള്‍ അതേപടി പിന്തുടരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയ്ക്ക നേരെയും രാഹുല്‍ വിമര്‍ശനശരമെറിഞ്ഞു. ‘എല്ലാ കള്ളപ്പണവും നോട്ട് രൂപത്തിലല്ല, എല്ലാ നോട്ടും കള്ളപ്പണവുമല്ല, കള്ളപ്പണത്തിന്റെ 6 % മാത്രമാണ് പേപ്പര്‍ പണമായുള്ളതെന്ന്’ പറഞ്ഞ് തന്റെ പഴയ നിലപാട് രാഹുല്‍ ആവര്‍ത്തിച്ചു.

കള്ളപ്പണം നോട്ടിന്റെ രൂപത്തില്‍ സൂഷിക്കാത്ത രാജ്യത്തെ ഒരു ശതമാനം വരുന്ന ശതകോടീശ്വരന്‍മാരെ സഹായിക്കുകയാണ് സര്‍ക്കാര്‍ നോട്ട് നിരോധനത്തിലൂടെ ചെയ്തതെന്നും രാഹുല്‍ ആരോപിച്ചു.

Top