പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കൊച്ചിയിലെ യുവം പരിപാടി ശരിക്കും ഒരു സംഘപരിവാർ പരിപാടി തന്നെയായിരുന്നു. അവിടെ നടന്ന പ്രസംഗങ്ങളും പ്രധാനമന്ത്രിയുടെ നിലപാടുമെല്ലാം അതു ശരിവയ്ക്കുന്നതുമാണ്. ഇതൊരു രാഷ്ട്രീയ പരിപാടിയല്ലന്നു പറഞ്ഞ ബി.ജെ.പി നേതൃത്വം ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. യുവം പരിപാടി ഉദ്ഘാടനം ചെയ്തത് മോദിയാണെങ്കിൽ സ്വാഗതം പറഞ്ഞത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ്. യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യയായിരുന്നു പരിപാടിയുടെ ചുക്കാൻ പിടിച്ചിരുന്നത്. അണിയറയിലും വേദിയിലുമെല്ലാം സംഘപരിവാർ നേതാക്കളും അണികളുമാണ് ഏറെ സജീവമായിരുന്നത്. രാഷ്ട്രീയമില്ലന്ന പുകമറ സുഷ്ടിച്ച് ഈ പരിപാടിയിലേക്ക് സംഘപരിവാർ അനുകൂല മാനേജുമെന്റുകൾക്ക് കീഴിലെ കാമ്പസുകളിൽ നിന്നും വലിയ രൂപത്തിലാണ് വിദ്യാർത്ഥികളെ രംഗത്തറിക്കിയിരുന്നത്.
ഇതൊക്കെ കണ്ട് ആവേശം പൂണ്ടാണ് കേരളത്തിൽ മാറ്റത്തിന്റെ തുടക്കമായെന്ന് മോദിയും സുരേന്ദ്രനുമെല്ലാം പറയുന്നത്. യഥാർത്ഥത്തിൽ പ്രധാനമന്ത്രിക്ക് കേരളത്തിലെ യുവത്വവുമായി സംവദിക്കാനെന്ന പേരില്‍ കൊട്ടിഘോഷിച്ച് സംഘടിപ്പിച്ച യുവം കോൺക്ലേവ് ബിജെപിയുടെ വെറും രാഷ്ട്രീയ സമ്മേളനമായാണ് മാറിയിരിക്കുനത്. ബി.ജെ.പി പരിപാടിയാണെന്ന് പ്രഖ്യാപിച്ചാൽ വിദ്യാർത്ഥികളെ കിട്ടുമോ എന്ന ആശങ്ക കൊണ്ടായിരിക്കാം അത്തരമൊരു സാഹസത്തിന് അവർ തയ്യാറാകാതിരുന്നത്. രാഷ്ട്രീയ സമ്മേളനമായി പ്രഖ്യാപിക്കപ്പെടാതിരുന്നതിനാൽ സംഘപരിവാർ അനുകൂല മാനേജ്മെന്റുകൾക്ക് കുട്ടികളെ പരിപാടിയിൽ പങ്കെടുപ്പിക്കാനും തടസ്സമുണ്ടായിരുന്നില്ല. ഇതിനു പുറമെ ചില പ്രൊഫഷണൽ കോളേജുകളിൽ നിന്നടക്കം ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയാണ് വിദ്യാർഥികളെ തേവര എസ്എച്ച് കോളജ് വേദിയിൽ എത്തിച്ചിരുന്നത്.
ഉദ്ഘാടന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെ പുകഴ്‌ത്തുകയും അതേസമയം കേരള സർക്കാരിനെ കുറ്റപ്പെടുത്താനുമാണ് മോദി ശ്രമിച്ചിരുന്നത്. സ്വർണക്കടത്തു കേസുവരെ ഈ പ്രസംഗത്തിൽ അദ്ദേഹം പരാമർശിക്കുകയുണ്ടായി. ഈ കേസ് അന്വേഷിച്ചത് തന്റെ സർക്കാറിനു കീഴിലുള്ള കേന്ദ്ര ഏജൻസിയാണെന്നതു പോലും മറന്നമട്ടിലായിരുന്നു മോദിയുടെ പ്രസംഗം. “നിയമന നിരോധനവും പൊതുമേഖല വിറ്റുതുലയ്‌ക്കുകയും ചെയ്യുമ്പോഴും കേന്ദ്രസർക്കാർ തൊഴിലവസരം സൃഷ്‌ടിക്കുയാണെന്ന അവകാശവാദവും മോദി ഉയർത്തുകയുണ്ടായി. മുൻകൂട്ടി നിശ്ചയിച്ച ഒരു രാഷ്ട്രീയ പ്രസംഗം എന്നതിനപ്പുറം കാര്യമായ ഒരു പ്രതികരണവും മോദിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. ഇത് പരിപാടിയിൽ പങ്കെടുത്ത ഒരു വിഭാഗം വിദ്യാർത്ഥികളിലും നിരാശ സൃഷ്ടിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായി സംവദിക്കാനും അത് കേൾക്കാനും വന്നവർക്ക് അദ്ദേഹത്തിന്റെയും സുരേന്ദ്രന്റെയും രാഷ്ട്രീയ പ്രസംഗംകേട്ട് മടങ്ങേണ്ട ഗതികേടാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം ‘യുവം’ പരിപാടി കേരളത്തിലെ ഭരണമാറ്റത്തിനായുള്ള തുടക്കമാവുകയാണ് എന്നാണ് ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നത്. തന്റെ പ്രസംഗത്തിൽ ഇതൊരു വലിയ മാറ്റത്തിന്റെ സൂചനയായി മോദിയും പ്രഖ്യാപിച്ചിട്ടുണ്ട്. മോദി ധരിച്ചു വച്ചിരിക്കുന്നത് ‘യുവം’ പരിപാടിയിൽ കയ്യടിച്ചവരുടെ വികാരമാണ് കേരളത്തിലെ യുവത്വത്തിന്റെ വികാരമെന്നാണ്. “കേരളത്തിലെ കാമ്പസുകൾ കാവി രാഷ്ട്രീയത്തിന് അനുകൂലമായി മാറി കൊണ്ടിരിക്കുന്നു” എന്നൊക്കെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ചിന്തിച്ചാൽ അദ്ദേഹത്തോട് സഹതപിക്കുകയേ നിവൃത്തിയൊള്ളൂ. അങ്ങനെ അഥവാ സംഭവിക്കണമെങ്കിൽ അതിന് ആദ്യം തീരേണ്ടത് എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി സംഘടനയാണ്. ഈ സംഘടന കാമ്പസുകളിൽ ഉള്ളടത്തോളം കാലം സംഘപരിവാർ വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പിക്ക് കാമ്പസുകളിൽ ഒരു വളർച്ച സാധ്യമല്ല. എ.ബി.വി.പി വളരാതെ യുവമോർച്ചയും ശക്തിപ്പെടുകയില്ല. യുവമോർച്ച കരുത്താർജിക്കാതെ ബി.ജെ.പിക്കും സംഘടനാ അടിത്തറ കെട്ടിപടുക്കാൻ കഴിയുകയില്ല.
സി.പി.എമ്മിന്റെ വിദ്യാർത്ഥി വിഭാഗമായ എസ്.എഫ്.ഐയും യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയുമാണ് കാവി രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ മുൻപന്തിയിലുള്ളത്. ഈ സംഘടനകൾക്കുളള കരുത്ത് സംസ്ഥാനത്തെ മറ്റൊരു സംഘടനകൾക്കും ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. അതു തകർക്കാതെ ബി.ജെ.പിക്കും കേരളത്തിൽ രാഷ്ട്രീയ നേട്ടം കൈവരിക്കാൻ കഴിയുകയില്ല. രാജ്യത്ത് ആർ.എസ്.എസിന് ഏറ്റവും കൂടുതൽ ശാഖകൾ ഉള്ള സംസ്ഥാനമായിട്ടും ബി.ജെ.പിയെ വലിയ രാഷ്ട്രീയ ശക്തിയാക്കി മാറ്റാൻ കഴിയാതിരുന്നത് കേരളം ആർജിച്ച മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കരുത്ത് കൊണ്ടാണ്. ഇക്കാര്യത്തിൽ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്.
കാമ്പസുകളിൽ കാവി രാഷ്ട്രീയത്തെ ഫലപ്രദമായി ചെറുത്ത് തോൽപ്പിച്ചത് എസ്.എഫ്.ഐയാണ്. ഇക്കാര്യത്തിൽ ചുവപ്പിന്റെ രാഷ്ട്രീയ എതിരാളികൾക്ക് പോലും സംശയം ഉണ്ടാകുകയില്ല. സംസ്ഥാനത്തെ മുഴുവൻ സർവ്വകലാശാല യൂണിയനുകളും ഉൾപ്പെടെ ഇന്നും സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കാമ്പസുകളും ഭരിക്കുന്നത് എസ്.എഫ് ഐയാണ്. എത്ര കാമ്പസുകളിൽ എ.ബി.വി.പിക്ക് യൂണിയൻ ഭരണമുണ്ടെന്ന് ചോദിച്ചാൽ അവർക്ക് നാണംകെട്ട് തല കുനിക്കേണ്ടതായി വരും. യു.ഡി.എഫ് വിദ്യാർത്ഥി സംഘടനകളുമായി കൂട്ട് ചേർന്ന് ചില കാമ്പസുകളിൽ മത്സരിച്ചിട്ടു പോലും എ.ബി.വി.പിക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല. അതു കൊണ്ടു തന്നെ എസ്.എഫ് ഐയുടെ ഒറ്റയ്ക്കുള്ള വിജയങ്ങൾക്ക് കഴിഞ്ഞ കുറേ കാലമായി വല്ലാത്തൊരു തിളക്കം തന്നെയാണുള്ളത്.
എസ്.എഫ്.ഐയുടെ ഈ മേധാവിത്വത്തെ മറികടന്ന് കാമ്പസുകളിൽ ഒരു തരംഗം സൃഷ്ടിക്കാമെന്നത് ‘യുവം’ വേദിയിൽ മോദി കണ്ട ഒരു സ്വപ്നം മാത്രമായാണ് അവശേഷിക്കുക. മോദി വന്ന് പ്രസംഗിച്ചു പോയാൽ അപ്പാടെ നിറം മാറാൻ കേരളം അവസരവാദ രാഷ്ട്രീയത്തിന്റെ പറുദീസയൊന്നുമല്ല. രാഷ്ട്രീയ പ്രബുദ്ധതയിൽ രാജ്യത്തെ തന്നെ ഒന്നാം നമ്പർ സംസ്ഥാനമാണിത്. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ ഉഴുതുമറിച്ച് പാകപ്പെടുത്തിയ ഈ ചുവപ്പുമണ്ണിൽ കാവി ‘വിത്തുകൾ’ നരേന്ദ്രമോദി വിതറിയാലും ചുവപ്പിനെ തളയ്ക്കാതെ അതെന്തായാലും മുളയ്ക്കാൻ പോകുന്നില്ല. ഇവിടുത്തെ ജനങ്ങളും അവരുടെ ചിന്താഗതിയും നിലപാടുമെല്ലാം മറ്റു സംസ്ഥാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഏതെങ്കിലും മതപുരോഹിതർ ആഹ്വാനം ചെയ്തതു കൊണ്ടോ രാഷ്ട്രീയ താൽപ്പര്യം മുൻ നിർത്തി വികസന പ്രഖാപനങ്ങൾ നടത്തിയതുകൊണ്ടോ മാത്രം മാറുന്ന ചിന്താഗതിയല്ല അത്. ഇവിടെയാണ് മോദിയുടെ കണക്ക് കൂട്ടലുകളും തെറ്റാൻ പോകുന്നത്.
ഖദർ ധാരികളെ ഇനിയും മോദിക്ക് ആകർഷിക്കാൻ കഴിഞ്ഞേക്കും. അക്കാര്യത്തിൽ തർക്കമില്ല. കേന്ദ്ര ഭരണവും കേന്ദ്ര ഏജൻസികളും ഉള്ളപ്പോൾ കേരളത്തിലും അതൊക്കെ സാധ്യമാണ്. എന്നാൽ അതുകൊണ്ടൊന്നും കേരളത്തിലെ പൊതുബോധത്തെ സ്വാധീനിക്കാൻ ബി.ജെ.പിക്ക് കഴിയുകയില്ല. അക്കാര്യവും മോദി തിരിച്ചറിയേണ്ടതുണ്ട്. കേരളത്തെ ഇന്നു കാണുന്ന കേരളമാക്കിയതിനു പിന്നിൽ വലിയ ഒരു ചരിത്രം തന്നെയുണ്ട്. ആ ചരിത്ര താളുകളിൽ കമ്യൂണിസ്റ്റുകൾ ചോര കൊണ്ടു അടയാളപ്പെടുത്തിയ നിരവധി സംഭവങ്ങളുമുണ്ട്. സിരകളിൽ അഗ്നി പടർത്തുന്ന ആ പോരാട്ട ചരിത്രം മറന്ന് ഒരു നിലപാട് സ്വീകരിക്കാൻ മോദി പ്രതീക്ഷയർപ്പിക്കുന്ന ഇവിടുത്തെ പുതിയ തലമുറകൾക്കു പോലും കഴിയുകയില്ല. ഇടതുപക്ഷ കേരളത്തിന്റെ കരുത്തും അതു തന്നെയാണ് . . .
EXPRESS KERALA VIEW