ദളിത്, കര്‍ഷകപ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ്സ് തെറ്റിദ്ധാരണ പരത്തുന്നു: മോദി

modi

ബഗ്പത്: കോണ്‍ഗ്രസ്സിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പേരില്‍ പോലും കോണ്‍ഗ്രസ് തെറ്റിദ്ധാരണ പരത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കര്‍ഷകരുടെ പ്രശ്‌നങ്ങളിലും തെറ്റിദ്ധാരണ പരത്തുകയും നുണകള്‍ പ്രചരിപ്പിക്കുകയുമാണ് കോണ്‍ഗ്രസ്സ് ചെയ്യുന്നതെന്നും ഈ ശ്രമങ്ങള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താനേ ഉപകരിക്കുകയുള്ളൂവെന്ന കാര്യം അവര്‍ മനസിലാക്കുന്നില്ലെന്നും മോദി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മിഷനേയും വോട്ടിംഗ് യന്ത്രങ്ങളേയും കുറിച്ച് സംശയം ഉന്നയിക്കുന്ന കോണ്‍ഗ്രസ് സുപ്രീം കോടതിക്ക് നേരെയും വിരല്‍ ചൂണ്ടുന്നതിലൂടെ കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഇല്ലാതാകുന്നത്. മാത്രമല്ല, മാധ്യമങ്ങള്‍ പക്ഷപാതം കാണിക്കുന്നെന്ന ആരോപണവും അവര്‍ ഉന്നയിച്ചു തുടങ്ങിയിരിക്കുന്നുവെന്നും പറഞ്ഞു.

കേവലം സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ്സ് നട്ടാല്‍ കുരുക്കാത്ത നുണകള്‍ പരത്തുകയാണ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ്സ് തകര്‍ന്നിരിക്കുകയാണ്. പ്രധാനമന്ത്രിയെ എതിര്‍ക്കുന്നതിലൂടെ അവര്‍ രാജ്യത്തെ തന്നെയാണ് എതിര്‍ക്കുന്നതെന്നും കുടുംബത്തെ രാജ്യമായി കരുതുന്നവരുണ്ടെന്നും എന്നാല്‍ എന്നെ സംബന്ധിച്ചടത്തോളം രാജ്യമാണ് എന്റെ കുടുംബമെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ 11,000 കോടിയുടെ ഈസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുകയായിരുന്ന മോദി.

Top