ഇന്ത്യക്കാരുടെ അറിവോടെ ഖലിസ്ഥാൻ നേതാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം; പ്രതികരിച്ച് മോദി

ന്യൂഡല്‍ഹി: ഖലിസ്ഥാൻ നേതാവിനെ ഇന്ത്യക്കാരുടെ അറിവോടെ അമേരിക്കയിൽ വെച്ച് വധിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തോട് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവരങ്ങൾ ലഭിച്ചാൽ ഉറപ്പായും സർക്കാർ അന്വേഷണം നടത്തുമെന്ന് മോദി ഒരു ഇം​ഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു. നിയമ വാഴ്ചയോടാണ് പ്രതിബന്ധത, വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളും, അക്രമത്തിനുള്ള ആഹ്വാനവും ആശങ്കാജനകമാണെന്നും മോദി പറഞ്ഞു.

ഇന്ത്യ – യുഎസ് ബന്ധം സുസ്ഥിരവും ശക്തവുമാണെന്നും, ഇത്തരം സംഭവങ്ങളുമായി ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും മോദി പ്രതികരിച്ചു. നിരോധിത ഖലിസ്ഥാന്‍ സംഘടനാ നേതാവ് ഗുർപത് വന്ത് സിംഗ് പന്നുവിനെ അമേരിക്കയില് വച്ച് ഇന്ത്യാക്കാരുടെ അറിവോടെ ശ്രമിച്ചെന്ന് യുഎസ് അധികൃതർ ഈയിടെ കോടതിയെ അറിയിച്ചിരുന്നു. “ഞങ്ങളുടെ ഒരു പൗരന്‍ നല്ലതോ ചീത്തയോ ആയ എന്തെങ്കിലും കാര്യം ചെയ്താല്‍ അത് പരിശോധിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. നിയമവാഴ്ചയോടാണ് ഞങ്ങളുടെ പ്രതിബദ്ധത” – മോദി പറഞ്ഞു.

ഖലിസ്ഥാന്‍ നേതാവായ ഗുർപത് വന്ത് സിംഗ് പന്നുവിനെ വധിക്കാന്‍ നിഖില്‍ ഗുപ്ത എന്ന ഒരാള്‍ ഒരു ലക്ഷം ഡോളറിന്റെ ക്വട്ടേഷന്‍ നല്‍കിയെന്നാണ് അമേരിക്കയില്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചത്. ഇത് ഇന്ത്യന്‍ സര്‍ക്കാറിന്റെ ഒരു ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചത് അനുസരിച്ചാണെന്നാണ് അവരുടെ ആരോപണം. ഇന്ത്യ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആളാണ് ഗുർപത് വന്ത് സിംഗ് പന്നു.

Top