പരിഷ്‌കൃത സമൂഹത്തിന് നാണക്കേട്; നമ്മുടെ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കും; മോദി

modi

ന്യൂഡല്‍ഹി: ഉന്നാവോ, കത്തുവ സംഭവങ്ങളില്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് മോദി പറഞ്ഞു. സംഭവം പരിഷ്‌കൃത സമൂഹത്തിന് നാണക്കേടാണെന്നും രാജ്യം, സമൂഹം എന്ന നിലകളില്‍ നാമെല്ലാം ഈ സംഭവത്തില്‍ ലജ്ജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം കത്തിപ്പടരുന്നതിനിടെയാണ് വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ആഴ്ചകളോളം നീണ്ട മൗനത്തിനു ശേഷമാണ് മോദിയുടെ ഈ പ്രതികരണം.

കുറ്റവാളികളെ രക്ഷപെടാന്‍ അനുവദിക്കില്ലെന്നു രാജ്യത്തിനു ഉറപ്പു നല്‍കുകയാണെന്നും മോദി പറഞ്ഞു. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഉറപ്പായും നീതി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ നേരത്തെ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി ഇന്ത്യ കാത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മോദി ഇറങ്ങിവന്ന് ബേട്ടി ബച്ചാവോയെക്കുറിച്ച് സംസാരിക്കാനുള്ള സമയമാണിതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. രണ്ട് ചോദ്യങ്ങളാണ് രാഹുല്‍ പ്രധാനമന്ത്രിക്ക് മുന്നില്‍വച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ രാജ്യത്തു വര്‍ധിക്കുന്ന അക്രമങ്ങളോടുള്ള താങ്കളുടെ നിലപാടെന്ത് , എന്തുകൊണ്ടാണ് ഭരണകൂടം പീഡകരെയും കൊലപാതകികളെയും സംരക്ഷിക്കുന്നത് ഇന്ത്യ കാത്തിരിക്കുകയാണ്, സംസാരിക്കു എന്നും രാഹുല്‍ കുറിച്ചു. #ടുലമസഡു എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം ചേര്‍ത്തിരുന്നു.

Top