Modi repeating ‘Somalia remark’ in BJP’s mouthpiece

കൊച്ചി: തന്റെ വിവാദമായ സൊമാലിയ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയില്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ കേരളത്തിലെ വോട്ടര്‍മാരോട് എന്ന പേരില്‍ നടത്തുന്ന അഭ്യര്‍ത്ഥനയിലാണ് കേരളത്തിന് ഏറെ അപമാനകരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കിയ സോമാലിയ പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും നടത്തുന്നത്.

നാളേക്കുവേണ്ടി എന്‍ഡിഎക്കൊപ്പം എന്ന തലക്കെട്ടില്‍ ആരംഭിക്കുന്ന ലേഖനത്തില്‍ ഇടതുംവലതും മാറി മാറി ഭരിച്ചിട്ടും ജനങ്ങള്‍ക്ക് കുടിവെള്ളം പോലും നല്‍കാന്‍ കഴിയാത്തത് ലജ്ജാകരമാണെന്ന് പറയുന്നു. തുടര്‍ന്നാണ് കേരളത്തെ അപമാനിക്കുന്ന മോദിയുടെ പരാമര്‍ശങ്ങള്‍.

ദേശീയതലത്തിലെ തൊഴിലില്ലായ്മ നിരക്കിന്റെ മൂന്നിരട്ടിയാണ് കേരളത്തിലെ തൊഴിലില്ലായ്മ. ഇവിടുത്തെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളിലെ ശിശുമരണനിരക്ക് സോമാലിയയിലെക്കാള്‍ പരിതാപകരമാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അത്യന്തം വേദനാജനകമായ ഒരു ചിത്രം കാണാനിടയായി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥിരമായി ജയിച്ചു കൊണ്ടിരിക്കുന്ന, അവരുടെ ശക്തി കേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ദളിത് ബാലന്റെ ചിത്രം. അതിന്ന് കേരളത്തിന് അപമാനമായി ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

കേരളത്തില്‍ തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോളാണ് മോദി ആദ്യം കേരളത്തെ സോമാലിയയോട് ഉപമിച്ചത്. തുടര്‍ന്ന് കേരളത്തെ അപമാനിച്ച മോദിക്കെതിരെ നിയമപരമായി നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

സൊമാലിയന്‍ പരാമര്‍ശം രാഷ്ട്രീയമായും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും സോഷ്യല്‍ മീഡിയകളില്‍ അടക്കം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഗുജറാത്തിനെയും പരിഹസിക്കുകയും ‘പോ മോനെ മോദി’ എന്ന ഹാഷ് ടാഗ് രാജ്യാന്തര തലത്തില്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

മോദി കണ്ടതായി പറയുന്ന കണ്ണൂരിലെ പേരാവൂരിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ദളിത് ബാലന്റെ ചിത്രവും വാര്‍ത്തയും കെട്ടിച്ചമച്ചതാണെന്നും ദളിത് ബാലന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സൊമാലിയന്‍ പരാമര്‍ശം ആവര്‍ത്തിച്ച് മോദി വീണ്ടും എത്തിയത്‌.

Top