മോദിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് മുൻ കേന്ദ്രമന്ത്രി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രേണുക ചൗധരി. 2018ൽ പാർലമെൻ്റിൽ വച്ച് തന്നെ ശൂർപ്പണഖ എന്ന് വിളിച്ച് മോദി അപമാനിച്ചു എന്നും തൻ്റെ പരാതിയിൽ കോടതി എത്ര വേഗം പ്രവർത്തിക്കുമെന്ന് കാണാമെന്നും അവർ ട്വീറ്റ് ചെയ്തു. ഇതിൻ്റെ വിഡിയോയും അവർ പങ്കുവച്ചു.

അതേസമയം, മോദി ശൂർപ്പണഖ എന്ന വാക്ക് തൻ്റെ പരാമർശത്തിൽ ഉപയോഗിച്ചിട്ടില്ല. രേണുക ചൗധരി ഉച്ചത്തിൽ ചിരിച്ചത് പാർലമെൻ്റ് ചെയർമാൻ വെങ്കയ്യ നായിഡുവിനെ കുപിതനാക്കി. ഈ സമയത്ത് ‘രേണുകജിയെ ഒന്നും പറയരുത്. രാമായണം പരമ്പരയ്ക്ക് ശേഷം ഇത്തരത്തിലുള്ള ചിരി നമുക്ക് കേൾക്കാൻ കഴിഞ്ഞു’ എന്ന് മോദി പറയുകയായിരുന്നു. ഇതുകൊണ്ട് ഉദ്ദേശിച്ചത് ശൂർപ്പണഖെയാണെന്നാണ് രേണുക സിംഗിൻ്റെ ആരോപണം.

രാഹുൽ ഗാന്ധിക്കെതിരായ കോടതിവിധിയിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം നടത്തും. കോടതി വിധിക്കെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനായി ഇന്ന് പത്തുമണിക്ക് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും. തുടർന്ന് വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. രാഷ്ട്രപതിയെ കാണാനും കോൺഗ്രസ് സമയം തേടിയിട്ടുണ്ട്.

Top