തന്നെ പോലെ പാവപ്പെട്ട കുടുംബാംഗം പ്രധാനമന്ത്രിയായതിന് കാരണം അംബേദ്ക്കറെന്ന് മോദി

Narendra modi

ബീജാപ്പൂര്‍ : പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, പാവപ്പെട്ടവരായ ജനലക്ഷങ്ങള്‍ക്ക് ജീവിതത്തെപ്പറ്റി പ്രതീക്ഷ നല്‍കിയ മഹാനാണ് പൂജ്യ ഡോ. ബാബാ സാഹേബ് അംബേദ്ക്കറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ പോലെ ഒരു പാവപ്പെട്ട കുടുംബാംഗം പ്രധാനമന്ത്രിയായതിന് കാരണം ബാബാ സാഹേബ് ആണെന്നും മോദി പറഞ്ഞു. 127ാമത് അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടന ഉണ്ടാക്കി നല്‍കിയതിന് നാം അദ്ദേഹത്തോട് എന്നെന്നും കടപ്പെട്ടവരാണ്. നമ്മുടെ അവകാശങ്ങള്‍ അദ്ദേഹമെഴുതിയ ഭരണഘടനയില്‍ ഭദ്രമാണ്. മികച്ച വിദ്യാഭ്യാസവും ആഴത്തില്‍ അറിവുമുള്ള അദ്ദേഹത്തിന് വേണമെങ്കില്‍ വിദേശ രാജ്യത്ത് സുഖമായി ജീവിക്കാന്‍ കഴിയുമായിരുന്നു. വിദേശത്ത് പഠിച്ച അദ്ദേഹം പക്ഷെ ഇന്ത്യയിലേക്ക് മടങ്ങിവന്നു.

ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. ദളിതര്‍ക്ക് അവരുടെ അവകാശങ്ങള്‍ മനസിലാക്കിക്കൊടുക്കാനും പകര്‍ന്നു നല്‍കാനും അദ്ദേഹം ശ്രമിച്ചുവെന്നും മോദി പറഞ്ഞു.

ബീജാപ്പൂരില്‍ ഇനി വികസനമെത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നടപ്പാക്കാന്‍ പ്രതിബദ്ധതയുള്ള സര്‍ക്കാരാണ് കേന്ദ്രത്തിലേതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Top